ad
Deshabhimani

അലമാരയുടെ പൂട്ടുപൊളിച്ച സംഭവം: പരാതി പിൻവലിച്ച്‌ 
തൃക്കാക്കര നഗരസഭ

Thrikkakkara Municipality
വെബ് ഡെസ്ക്

Published on Sep 09, 2026, 01:22 AM | 1 min read

കാക്കനാട്

തൃക്കാക്കര നഗരസഭ ഓഫീസിൽ പ്രധാന ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരകൾ കുത്തിത്തുറന്ന സംഭവത്തിൽ അധികൃതരുടെ ദുരൂഹ നീക്കം. സംഭവത്തിൽ പൊലീസിന് നൽകിയ പരാതി നഗരസഭ തിരക്കിട്ട്‌ പിൻവലിച്ചു. പൊലീസും നഗരസഭാ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ പ്രധാന ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന ന്യായീകരണം ഉയർത്തിയാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചത്.


ഓഫീസിലെ അറ്റകുറ്റപ്പണിക്കിടെ അലമാരകൾ "അറിയാതെ തുറന്നുപോയതാണെ’ന്ന വിചിത്ര വാദമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. എന്നാൽ, ഒരേനിറത്തിലുള്ള അഞ്ച് അലമാരകൾ തുറന്നിട്ട്‌ ഉള്ളിലെ ഫയലുകൾ അലങ്കോലമാക്കിയ നിലയിലായിരുന്നു. നിർമാണ പെർമിറ്റുകളും കെ -സ്മാർട്ട് സംവിധാനത്തിലേക്ക് മാറുംമുമ്പുള്ള അനുബന്ധ രേഖകളും സൂക്ഷിച്ചിരുന്ന അലമാരകളാണ് ഇവ. അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ്‌ എൻജിനിയർ എന്നിവരുടെ ക്യാബിനുകളിലെ അലമാരകളും ഇത്തരത്തിൽ തുറക്കപ്പെട്ടിട്ടുണ്ട്.


പൊലീസിന് പ്രാഥമിക അന്വേഷണത്തിന് സമയംപോലും നൽകാതെയാണ് നഗരസഭ പരാതി പിൻവലിക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച പൊതുമരാമത്ത് വിഭാഗത്തിൽ നടന്ന സംഭവത്തിൽ ഉദ്യോഗസ്ഥർ നൽകിയ പരാതി പിൻവലിപ്പിച്ചതോടെ പൊലീസ് അന്വേഷണം നിലച്ചു. പ്രധാന ക്രമക്കേടുകളുടെ തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്ന ചോദ്യം പ്രദേശത്ത് ശക്തമാകുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home