തൃക്കാക്കരയിലും കോൺഗ്രസിൽ തർക്കം; അധ്യക്ഷനെ തീരുമാനിക്കാനായില്ല

കാക്കനാട്
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിട്ടും തൃക്കാക്കര നഗരസഭയിൽ ചെയർമാനെ കണ്ടെത്താനാകാതെ കോൺഗ്രസ്. ചൊവ്വാഴ്‌ച ചേർന്ന കോൺഗ്രസ് പാർലമെന്ററി യോഗത്തിലും ഏകാഭിപ്രായത്തിലെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ഓരോ കൗൺസിലർമാരെയും രഹസ്യമായി വിളിച്ച് ചെയർമാൻ സ്ഥാനത്തേക്കുള്ള അവരുടെ താൽപ്പര്യം ചോദിക്കുകയായിരുന്നു.
പലരും പല പേരുകളും പറഞ്ഞതിനാൽ ചെയർമാൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ആയില്ല. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴക്കൻ, ഉമ തോമസ് എംഎൽഎ, കോൺഗ്രസ് കോർകമ്മിറ്റി അംഗങ്ങളായ പി ഐ മുഹമ്മദാലി, സേവ്യർ തായങ്കേരി, നൗഷാദ് പല്ലച്ചി തുടങ്ങിയവരാണ് രഹസ്യമായി വിളിച്ച് കൗൺസിലർമാരുടെ അഭിപ്രായം ആരാഞ്ഞത്. ബുധനാഴ്ചയെങ്കിലും ചെയർമാനെ നിശ്ചയിച്ച് വിപ്പ് നൽകാനുള്ള നെട്ടോട്ടത്തിലാണ് നേതൃത്വം. പത്ത് വർഷത്തിനുശേഷമാണ് തൃക്കാക്കരയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം കിട്ടിയത്.
യുഡിഎഫ് - 27, എൽഡിഎഫ്- 18, ട്വന്റി 20 - 01, സ്വതന്ത്രർ - 02 എന്നിങ്ങനെയാണ് കക്ഷിനില. 26ന് ചെയർമാൻ തെരഞ്ഞടുപ്പ് നഗരസഭയിൽ നടക്കും.










0 comments