തൃക്കാക്കര നഗരസഭയിൽ യുഡിഎഫ് പോര് മുറുകുന്നു
അധ്യക്ഷനും വൈസ് ചെയർപേഴ്സനും കൗൺസിലിൽ നേർക്കുനേർ

കാക്കനാട്
തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയിൽ കോൺഗ്രസ്–മുസ്ലിം ലീഗ് ഭിന്നത രൂക്ഷമാകുന്നു. ശനി രാവിലെ ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭാധ്യക്ഷൻ റാഷിദ് ഉള്ളംമ്പള്ളിയും വൈസ് ചെയർപേഴ്സൺ ഷെറീന ഷുക്കൂറും തമ്മിൽ അജൻഡയെച്ചൊല്ലി രൂക്ഷമായ വാക്കേറ്റമുണ്ടായി.
നഗരസഭാധ്യക്ഷന്റെ വാർഡിലെ എക്കോ ഷോപ്പ് നവീകരണത്തിന് അഞ്ചുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയ അജൻഡയാണ് തർക്കത്തിന് വഴിവച്ചത്. അജൻഡയിൽ വൈസ് ചെയർപേഴ്സൺ പരസ്യമായി എതിർപ്പ് ഉന്നയിച്ചതോടെ അധ്യക്ഷനും വൈസ് ചെയർപേഴ്സനും തമ്മിൽ ഏറെനേരം വാഗ്വാദം നടന്നു. സെക്രട്ടറി ഇൻചാർജ് ഉദ്യോഗസ്ഥൻ അജൻഡ സംബന്ധിച്ച് വിശദീകരണം നൽകിയ ശേഷമാണ് തർക്കം അവസാനിച്ചത്. അജൻഡയിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി നാല് അജൻഡകൾ മാറ്റിവയ്ക്കുന്നതായി അധ്യക്ഷൻ അറിയിച്ചു. സെക്രട്ടറിയും നഗരസഭാധ്യക്ഷനും നേരിട്ട് തയ്യാറാക്കുന്ന അജൻഡയിൽ പോലും വീഴ്ചകൾ സംഭവിക്കുന്നതായി എൽഡിഎഫ് അംഗങ്ങൾ വിമർശിച്ചു. അധ്യക്ഷന് മുകളിൽ മുസ്ലിം ലീഗ് അംഗങ്ങൾ ‘സൂപ്പർ ചെയർമാൻമാരായി’ പ്രവർത്തിക്കുന്നുവെന്നും എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
നഗരസഭയുടെ ഔദ്യോഗിക അഭിഭാഷകനായ അഡ്വ. ജമാൽ ഏറ്റെടുത്ത കേസുകളിൽ മനഃപൂർവം നഗരസഭയ്ക്ക് തിരിച്ചടിയുണ്ടാക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നുവെന്നും, അദ്ദേഹത്തിന്റെ കൈവശമുള്ള ഔദ്യോഗിക ഫയലുകൾ തിരികെ വാങ്ങാൻ കഴിഞ്ഞ കൗൺസിൽ തീരുമാനിച്ചിട്ടും ആഴ്ചകൾ പിന്നിട്ടിട്ടും നടപടി ഉണ്ടായില്ലെന്നും എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
അതേസമയം കാന മൂടി സ്ലാബിടണമെന്ന 41-ാം വാർഡ് യുഡിഎഫ് കൗൺസിലർ ഷെരീഫ് വാഴക്കാലയുടെ നിർദേശവും കൗൺസിലിൽ ഭിന്നതയ്ക്ക് ഇടയാക്കി. തന്റെ നിർദേശം യുഡിഎഫ് കൗൺസിലർമാർ തന്നെ ഇടപെട്ട് തടയുകയാണെന്ന് ഷെരീഫ് യോഗത്തിൽ ഉന്നയിച്ചു. എന്നാൽ ആവശ്യം തള്ളിയതായി നഗരസഭാധ്യക്ഷൻ അറിയിച്ചു.
എൽഡിഎഫ് അംഗങ്ങളായ സി പി സാജൻ, സി എ നിഷാദ്, അജിന ഹാഷിം, കെ എ നജീബ്, എം എം ഷിഹാബ്, കെ ജി ജയചന്ദ്രൻ, റൈജു മലമേൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.








0 comments