കോതമംഗലം താലൂക്കാശുപത്രി
15 കോടിയുടെ നവീകരിച്ച പദ്ധതി ഉദ്ഘാടനം നാളെ

കോതമംഗലം
കോതമംഗലം താലൂക്കാശുപത്രിയിൽ എംഎൽഎ ഫണ്ടും കിഫ്‌ബി ഫണ്ടും ഉൾപ്പെടെ 15 കോടി ചെലവഴിച്ച് പൂർത്തീകരിച്ച വിവിധ പദ്ധതികൾ തിങ്കളാഴ്ച വ്യവസായമന്ത്രി പി രാജീവ് നാടിന് സമർപ്പിക്കും. ആന്റണി ജോൺ എംഎൽഎയുടെ വികസനഫണ്ടിൽനിന്ന് 3.50 കോടി ചെലവിലാണ് പുതിയ ഡയാലിസിസ് സെന്റർ, - അത്യാഹിതവിഭാഗം– പാലിയേറ്റീവ് കെയർ വാർഡ് നിർമിച്ചത്.
കിഫ്‌ബി ഫണ്ടിൽനിന്ന് 11.50 കോടി ചെലവിൽ പുതിയതായി കണ്ണ് ഓപ്പറേഷൻ തിയറ്റർ, നവജാതശിശുക്കൾക്കും അമ്മമാർക്കും വേണ്ടിയുള്ള പോസ്റ്റ് നേറ്റൽ വാർഡ്, ഓപ്പറേഷൻ തിയറ്ററിന്റേയും ലേബർ റൂമിന്റേയും നവീകരണം, 25 കിലോവാട്ട് കപ്പാസിറ്റിയുള്ള സോളാർ പ്ലാന്റ്, ഓക്സിജൻ, മെഡിക്കൽ എയർ, നൈട്രസ് ഓക്സൈഡ് എന്നിവപോലുള്ള വാതകങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാനാവശ്യമായ നിർമാണപ്രവർത്തനങ്ങൾ, ഡീസൽ ജനറേറ്ററോടുകൂടിയ പവർസ്റ്റേഷൻ നിർമാണം, ചുറ്റുമതിൽനിർമാണം, ആശുപത്രി കെട്ടിടങ്ങളുടെ പെയിന്റിങ്, അഗ്നിസുരക്ഷാ ഉപകരണങ്ങൾ, സിസിടിവി സ്ഥാപിക്കൽ, പബ്ലിക് അഡ്രസ് സിസ്റ്റം സ്ഥാപിക്കൽ എന്നിവയാണ് പൂർത്തിയാക്കിയത്.
കോതമംഗലത്ത് സർക്കാർ മേഖലയിൽ ഡയാലിസിസ് സൗകര്യം ഇല്ലാത്തതിനാൽ കാലങ്ങളായി ജനങ്ങൾ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് ഇപ്പോൾ ഡയാലിസിസ് സെന്റർ യാഥാർഥ്യമാകുന്നതെന്നും താലൂക്കാശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് ഇപ്പോൾ സാധ്യമായതെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു. പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം തിങ്കൾ പകൽ 2.30ന് നടക്കും.










0 comments