കടയിരുപ്പ് ഗവ. എച്ച്‌എസ്‌എസിൽ ഉദ്ഘാടനം ഇന്ന്
താരങ്ങള്‍ കുതിക്കും സിന്തറ്റിക് ട്രാക്കില്‍

കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച സിന്തറ്റിക് ട്രാക്ക്
കോലഞ്ചേരി
കുന്നത്തുനാട് മണ്ഡലത്തിലെ അഭിമാന പദ്ധതിയായ കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്ക് ശനിയാഴ്ച നാടിന് സമർപ്പിക്കും. വൈകിട്ട് അഞ്ചിന് പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ അധ്യക്ഷനാകും. സിന്തൈറ്റ് ചെയർമാൻ ഡോ. വിജു ജേക്കബ് മുഖ്യാതിഥിയാകും.15.75 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഭിന്നശേഷിസൗഹൃദ മന്ദിരത്തിന്റെ ഉദ്ഘാടനവും നടക്കും.
സംസ്ഥാന സർക്കാർ മൂന്നുകോടി രൂപ ചെലവഴിച്ചാണ് സർക്കാർ സ്‌കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ സിന്തറ്റിക് ട്രാക്ക് നിര്‍മിച്ചത്. ആറ് ലൈനോടുകൂടിയ 200 മീറ്റർ ട്രാക്കിനൊപ്പം മഡ് ഫുട്ബോൾ കോർട്ടും ഒരുക്കിയിട്ടുണ്ട്. മണ്ഡലത്തിലെ കായികപ്രതിഭകൾക്ക് ഉന്നതനിലവാരത്തിലുള്ള പരിശീലനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാക്ക് നിർമിച്ചതെന്ന് എംഎൽഎ പറഞ്ഞു.










0 comments