ബംഗാൾ സ്വദേശിക്ക് കടിയേറ്റു
ഫോർട്ട് കൊച്ചി കടപ്പുറത്ത് പാമ്പുശല്യം രൂക്ഷം

മട്ടാഞ്ചേരി
ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ഫോർട്ട് കൊച്ചി കടപ്പുറത്ത് പാമ്പുശല്യം രൂക്ഷമാകുന്നു. ചൂട് കനത്തതോടെ പാമ്പുകള്‍ വഴിയോരക്കച്ചവടസ്ഥാപനങ്ങളുടെ സമീപത്തും മറ്റും എത്തുന്നുണ്ട്. വ്യാഴം രാവിലെ കടപ്പുറത്തുവച്ച് ഇതരസംസ്ഥാനക്കാരന് പാമ്പുകടിയേറ്റു. ഫോര്‍ട്ട് കൊച്ചി വാസ്കോ ഡ ഗാമ സ്ക്വയറിനുസമീപത്തെ നടപ്പാതയില്‍ കച്ചവടം ചെയ്യുന്ന ബംഗാള്‍ സ്വദേശി എം ഡി വിക്ടറിനാണ് (50) പാമ്പുകടിയേറ്റത്.
രാവിലെ കട തുറക്കാനായി പ്ലാസ്റ്റിക് ഷീറ്റിന്റെ കെട്ടഴിക്കുന്നതിനിടയിലാണ് പാമ്പുകടിയേറ്റത്. ഷീറ്റിനകത്തിരുന്ന പാമ്പ് ഇയാളുടെ വലതുകൈയിലെ വിരലില്‍ കടിച്ചു. ഉടന്‍ ഇയാളെ ഫോര്‍ട്ട് കൊച്ചി താലൂക്കാശുപത്രിയില്‍ എത്തിച്ചു. പ്രാഥമികചികിത്സയ്ക്കുശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. കടപ്പുറത്ത് ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യവും രൂക്ഷമാണ്.
പെരുമ്പാമ്പുമുതൽ അണലിവരെ കടപ്പുറത്തുണ്ടെന്നാണ് പറയുന്നത്. കടപ്പുറത്തെ കല്ലുകൾക്കിടയിലും പായലുകൾക്കിടയിലും പാമ്പുകളുണ്ട്. ഇവ പലപ്പോഴും നടപ്പാതയിലും മറ്റും എത്തുന്നുണ്ട്. സന്ധ്യാസമയത്താണ് പാമ്പുകൾ നടപ്പാതയിലും മറ്റും എത്തുന്നത്. കൂടുതൽ സഞ്ചാരികൾ എത്തുന്ന സൗത്ത് കടപ്പുറത്തെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതോടെ ഈ ഭാഗം രാത്രിസമയം കൂരിരുട്ടിലാണ്.










0 comments