മിന്നും താരമായി റൂബി

കാക്കനാട്
ഫുട്ബോളിലും കബഡിയിലും കേരളത്തിന്റെ മിന്നുംതാരമാണ് തൃക്കാക്കര നഗരസഭയിലെ കണ്ടിൻജന്റ് ജീവനക്കാരി എൻ ജി റൂബി. പുണെയിൽ നടന്ന എട്ടാമത് നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ ഫുട്ബോളിലും കബഡിയിലും മിന്നുംപ്രകടനം കാഴ്ചവച്ച് യഥാക്രമം സ്വർണവും വെങ്കലവും നേടിയ ടീമിൽ റൂബിയുമുണ്ടായി. രണ്ടുവർഷമായി തൃക്കാക്കര നഗരസഭയിൽ കണ്ടിൻജന്റ് ജീവനക്കാരിയാണ് മഞ്ഞുമ്മലിൽ വാടകയ്‌ക്ക് താമസിക്കുന്ന കടവന്ത്ര സ്വദേശിയായ നടുവത്തുശേരി റൂബി. സ്കൂൾകാലംമുതൽ അത്‌ലറ്റിക്‌സിലും ഫുട്ബോളിലും മത്സരിച്ച് നിരവധി മെഡലുകൾ റൂബി നേടിയിട്ടുണ്ട്.
ജോലിക്കിടയിലും ഫുട്ബോളിനോടുള്ള തന്റെ അഭിനിവേശം നിലനിർത്തി. ജില്ലാ ടീമിലും കേരള ടീമിലും ഇടംനേടി. ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് മേഖലയിലും വിജയിക്കാനാകുമെന്ന് നാൽപ്പത്തിയാറുകാരിയായ റൂബി പറഞ്ഞു.
കാക്കനാട് കമ്യൂണിറ്റി ഹാളിൽ നടന്ന വികസന സെമിനാറിൽ റൂബിയെ നഗരസഭ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ നഗരസഭയുടെ ഉപഹാരം സമ്മാനിച്ചു.










0 comments