അതിർത്തി കാക്കാൻ ‘കർണ'

ഐ ഹബ്ബ് റോബോട്ടിക്‌സ് നിർമിച്ച രക്ഷാദൗത്യ വാഹനമായ ‘കവച്’
കൊച്ചി
രാജ്യത്തിന്റെ അതിർത്തി കാക്കാൻ തയ്യാറാകുകയാണ് ‘കർണ' എന്ന ജനറേഷൻ ത്രീ ഹ്യൂമനോയ്ഡ് റോബോട്ടുകൾ. കളമശേരി ‘ഐ ഹബ്ബ് റോബോട്ടിക്‌സ്' ആണ് റോബോട്ട് നിർമിച്ചത്. സിയാച്ചിൻ പോലുള്ള ദുർഘട മേഖലകളിൽ സകല ആയുധസന്നാഹങ്ങളോടെ കാവലിനും യുദ്ധം ചെയ്യാനും ശേഷിയുള്ള ‘കർണ’ ആണ് കമ്പനി പ്രതിരോധസേനയ്ക്കായി വികസിപ്പിക്കുന്നത്. ‘കൊക്കൂൺ 2026’ സൈബർ സുരക്ഷാ സമ്മേളനത്തിലാണ് റോബോട്ടിനെ അവതരിപ്പിച്ചത്. ഇവയെ പരീക്ഷണാടിസ്ഥാനത്തിൽ അതിർത്തിയിൽ വിന്യസിക്കാൻ രണ്ടു മാസംമുമ്പ് പ്രതിരോധ കന്പനിയുമായി ധാരണയിലെത്തിയിരുന്നു.
ഇടുക്കി ബൈസൺവാലി സ്വദേശി ആദിൽ കൃഷ്ണ, പാലക്കാട് സ്വദേശി എച്ച് അഖിൽ ഹരിദാസ്, തിരുവനന്തപുരം സ്വദേശി എസ് ശരത്ത് എന്നിവർ കോയമ്പത്തൂരിൽ എൻജിനീയറിങ് പഠനകാലത്ത് തുടക്കമിട്ട കമ്പനിയാണിത്. പിന്നീട് കളമശേരിയിൽ നിർമാണകേന്ദ്രമാക്കി.
കൃത്യമായ നിർദേശങ്ങൾ മാത്രം പാലിക്കുന്ന ‘കർണ'യിൽ നാലുതലങ്ങളിൽ സുരക്ഷയും ചാർജ് തീരാറായാൽ സ്വയം ഹൈബ്രിഡ് എൻജിൻ പ്രവർത്തിപ്പിക്കുന്ന സംവിധാനവുമുണ്ട്. അതിർത്തിവിവരങ്ങൾ തത്സമയം കൈമാറാനും സാധിക്കും.
കർണയ്ക്ക് പുറമെ കമ്പനി വികസിപ്പിച്ച താര, ദക്ഷ എന്നീ റോബോട്ടുകളെയും ‘കവച്’ എന്ന രക്ഷാദൗത്യവാഹനത്തെയും സേനയുടെ ഭാഗമാക്കാൻ കേരള പൊലീസും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒറ്റ ചാർജിൽ 20 മണിക്കൂറിലധികം പ്രവർത്തിക്കാനും ചാർജ് തീരുമ്പോൾ സ്വയം ചാർജിങ് പോയിന്റിലേക്ക് നീങ്ങാനും ഇവയ്ക്ക് ശേഷിയുണ്ട്.









0 comments