അന്താരാഷ്ട്ര അണ്ടർവാട്ടർ റോബോട്ടിക്സ് ചലഞ്ച് ; മലയാളി വിദ്യാർഥികൾ ഫൈനലിൽ

കൊച്ചി
അന്താരാഷ്ട്ര സിംഗപ്പുർ ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ ചലഞ്ചിന്റെ ഫൈനൽ റൗണ്ടിലേക്ക് മലയാളി വിദ്യാർഥികൾ യോഗ്യത നേടി. എറണാകുളം മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ ഏഴംഗ എൻജിനിയറിങ് വിദ്യാർഥിസംഘമാണ് ചൈനയിൽ നടക്കുന്ന ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കംപ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർഥികളായ എം എസ് ഗായത്രി, ജെറിൻ എം ജോഷ്വ, ആദിത്യ ആർ മേനോൻ, ആർ നന്ദന, റിഫാന കെ ഷെജീർ എന്നിവരും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗത്തിലെ കിരൺ ഏലിയാസ് ഷാജി, വാസുദേവ് റെജി എന്നിവരുമാണ് സംഘത്തിലുള്ളത്. മെയ് 28 മുതൽ 31 വരെ ചൈനയിലെ സാന്യ സ്പോർട്സ് പാർക്കിലാണ് മത്സരം. 20 രാജ്യങ്ങളിൽനിന്നുള്ള 126 എൻട്രികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 52 ടീമുകളായിരിക്കും ഫൈനലിൽ മത്സരിക്കുക.
സമുദ്രത്തിനടിയിൽ സങ്കീർണമായ ദൗത്യം നിർവഹിക്കാൻ ശേഷിയുള്ള എയുവി (ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ) റോബോട്ടുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്ന രീതിയിലാണ് ഈ അന്താരാഷ്ട്ര ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. സിംഗപ്പൂരിലെ ഐഇഇഇ ഓഷ്യാനിക് എൻജിനിയറിങ് സൊസൈറ്റിയും സിംഗപ്പുർ നാഷണൽ യൂണിവേഴ്സിറ്റിയും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്.










0 comments