നേര്യമംഗലം പാലത്തിൽ ഗർത്തം

നേര്യമംഗലം പാലത്തിൽ രൂപപ്പെട്ട ഗർത്തം
കവളങ്ങാട്
കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം പാലത്തിൽ ഗർത്തം രൂപപ്പെട്ടു. രണ്ട് ദിവസംമുമ്പ് രൂപപ്പെട്ട ഗർത്തം ഒരോ ദിവസവും വലുതായിക്കൊണ്ടിരിക്കുകയാണ്. നേര്യമംഗലം ടൗണിൽനിന്ന് പാലത്തിലേക്കുള്ള പ്രവേശനകവാടത്തിന്റെ ഇടതുവശത്താണ് ഒന്നരയടി വ്യാസത്തിലും അഞ്ചടി താഴ്ചയിലുമുള്ള ഗർത്തം. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിൽ ഒറ്റവരി ഗതാഗതം മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നത്.
മൂന്നാറിലും പരിസരങ്ങളിലും നീലക്കുറുഞ്ഞി സീസൺ ആരംഭിച്ചതോടെ അതു കാണാനായി വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കാണ് ദിവസവും ഉണ്ടാകുന്നത്. പാലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഏതാനും വർഷംമുമ്പ് ഇവിടെ രൂപപ്പെട്ട ഗർത്തം അധികൃതർ അടച്ചിരുന്നു. എന്നാൽ, വീണ്ടും അതിനടുത്തുതന്നെയാണ് പുതിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഗർത്തം മൂടാനോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ഇരുചക്രവാഹനങ്ങളും കാൽനടക്കാരും അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. നിലവിലെ പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.










0 comments