റിട്ടേൺ ഓഫ് ദി ടൈറ്റൻസ് – കേരള എഡിഷൻ 2026
കൊച്ചിയുടെ മനം കവർന്ന് ഇതിഹാസപ്പോരാട്ടം

കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ ബ്രസീൽ ലെജൻഡ്സ് -–ഇന്ത്യൻ ഓൾ സ്റ്റാർസ് മത്സരത്തിൽ ബ്രസീൽ ആരാധകരുടെ ആവേശം

ശ്രീരാജ് ഓണക്കൂർ
Published on Sep 24, 2026, 01:52 AM | 1 min read
കൊച്ചി
കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ സാംബ താളം നിറഞ്ഞ സായാഹ്നം. കൊച്ചിയിലെത്തിയ ഫുട്‌ബോൾ ആരാധകർക്ക് ഗോൾ വിരുന്നൂട്ടി ബ്രസീൽ മടങ്ങി. ഇന്ത്യൻ സംഘം മറുഭാഗത്ത് കട്ടയ്ക്ക് നിന്നത്തോടെ മത്സരം ആവേശഭരിതമായി.
ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ റൊണാൾഡീന്യോയും റിവാൾഡോയും അണിനിരന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ നയിച്ച ഇന്ത്യൻ ഓൾ സ്റ്റാർസും ഏറ്റുമുട്ടിയ ‘റിട്ടേൺ ഓഫ് ദി ടൈറ്റൻസ് – കേരള എഡിഷൻ 2026’ ആവേശകരവും മറക്കാനാവാത്തതുമായ ഓർമകളാണ് ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിച്ചത്. റൊണാൾഡീന്യോയുടെ പന്തടക്കവും റിവാൾഡോയുടെ പാസിങ് മികവും കാണാൻ ആയിരക്കണക്കിന് ആരാധകരാണെത്തിയത്. മത്സരത്തിന് മുമ്പേ സ്റ്റേഡിയത്തിൽ മുഴങ്ങിയ ബ്രസീലിയൻ സംഗീതവും ആരാധകരുടെ ആരവവും മത്സരം ഉത്സവസമാനമാക്കി. കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ ബുധനാഴ്ച രാത്രി ഉയർന്നത് വെറും ആരവമായിരുന്നില്ല, ഫുട്‌ബോളിനെ സ്നേഹിക്കുന്ന ഒരു നഗരത്തിന്റെ ഹൃദയമിടിപ്പായിരുന്നു.
റൊണാൾഡീന്യോയ്‌ക്ക് പുറമെ റിവാൾഡോ, എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി ജൂനിയർ, വിയോള, ഗോൾകീപ്പർ ഗോമസ് തുടങ്ങി വമ്പൻ താരനിരയാണ് ബ്രസീൽ ടീമിൽ അണിനിരന്നത്. മറുഭാഗത്ത് മലയാളി താരങ്ങളായ ഐ എം വിജയൻ, സി കെ വിനീത്, മുഹമ്മദ് റാഫി, ജോ പോൾ അഞ്ചേരി, റിനോ ആന്റോ എന്നിവർക്കൊപ്പം ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയയും കളത്തിലിറങ്ങി. റൊണാൾഡീന്യോ പെനാൽറ്റിയിലൂടെ ഗോൾ നേടിയപ്പോൾ സ്റ്റേഡിയം ഇരമ്പിയാർത്തു. സി കെ വിനീത് രണ്ടു തവണ വല കുലുക്കിയതും ആരാധകരെ ആവേശഭരിതരാക്കി. ഹാഫ് ടൈമിന് ശേഷം ഐ എം വിജയനൊപ്പം ബൈചുങ് ബൂട്ടിയയും ചേർന്നപ്പോൾ ഫുട്ബോൾ പ്രേമികളുടെ മനസ്സിലേയ്ക്ക് പഴയകാലം ഓടിയെത്തി.
മത്സരശേഷം ബ്രസീൽ താരങ്ങൾ ഗാലറിയിലേക്ക് പന്ത് തൊടുത്തതും സ്റ്റേഡിയം കൈയ്യടിയോടെ വരവേറ്റു. മത്സരത്തിൽ 4–3ന് ബ്രസീൽ ലെജൻഡ്സ് വിജയിച്ചു.









0 comments