ad
Deshabhimani

റിപ്പബ്ലിക് ദിനം ആഘോഷമാക്കി നാട്

republic

കാക്കനാട് കലക്ടറേറ്റ് മൈതാനത്ത് നടന്ന റിപ്പബ്ലിക്ദിനാഘോഷത്തിൽ മന്ത്രി പി രാജീവ് പരേഡ് പരിശോധിക്കുന്നു

വെബ് ഡെസ്ക്

Published on Jan 28, 2026, 12:15 AM | 2 min read

കൊച്ചി

വിപുലമായ പരിപാടികളോടെ 77–ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് ജില്ല. തിങ്കൾ രാവിലെ 8.30ന് കാക്കനാട് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ജില്ലാതല ആഘോഷപരിപാടികൾ ആരംഭിച്ചു. വ്യവസായമന്ത്രി പി രാജീവ് ദേശീയപതാക ഉയർത്തി, പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. കലക്ടർ ജി പ്രിയങ്ക, സിറ്റി പൊലീസ് കമീഷണർ എസ് കാളിരാജ് മഹേഷ് കുമാർ എന്നിവർ പരേഡിനെ അഭിവാദ്യം ചെയ്തു. കലക്ടറേറ്റ് പരിസരത്തെ ഗാന്ധി പ്രതിമയിൽ മന്ത്രി പുഷ്പാർച്ചന നടത്തി. ജെബി മേത്തർ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാധാകൃഷ്ണൻ, അഡീഷണൽ ജില്ലാ മജിസ്ട്രേട്ട്‌ വിനോദ് രാജ് തുടങ്ങിയവർ പങ്കെടുത്തു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിലെ വിദ്യാർഥികൾ ദേശഭക്തിഗാനം ആലപിച്ചു. റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ നേതൃത്വത്തിൽ അമ്പലമേട് സുധീന്ദ്ര നഴ്സിങ് കോളേജിലെ വിദ്യാർഥികൾ ഫ്ലാഷ്‌മോബ് അവതരിപ്പിച്ചു.


ഹൈക്കോടതിയിൽ ചീഫ്‌ ജസ്റ്റിസ്‌ ഷ‍ൗമൻ സെൻ ദേശീയപതാക ഉയർത്തി. നാവികസേനയുടെ റിപ്പബ്ലിക്‌ ദിനാചരണത്തിൽ ഐഎൻഎസ് വെണ്ടുരുത്തിയിലെ ദക്ഷിണ നാവിക കമാന്‍ഡ് യുദ്ധസ്മാരകത്തിൽ ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിങ് -ഇൻ- ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന പുഷ്പചക്രം അർപ്പിച്ചു. തുടർന്ന്‌ കമാൻഡർ ദീപക് സുഹാഗ് നയിച്ച പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. സീ കേഡറ്റ് കോർപ്സിന്റെ രണ്ട് പ്ലാറ്റൂണുകളും എൻസിസിയുടെ പ്ലാറ്റൂണും ഉൾപ്പെടെ 850-ലധികം പേർ പങ്കെടുത്തു.


കൊച്ചി തുറമുഖ അതോറിറ്റിയുടെ റിപ്പബ്ലിക്‌ ദിനാഘോഷത്തിൽ വെല്ലിങ്ടണ്‍ ഐലൻഡിലെ കെ കെ പ്രേമചന്ദ്രൻ സ്പോർട്സ് കോംപ്ലക്സിൽ കൊച്ചി തുറമുഖ അതോറിറ്റി ചെയർപേഴ്‌സൺ ബി കാശിവിശ്വനാഥൻ പതാക ഉയര്‍ത്തി. എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പതാക ഉയർത്തി. സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ എറണാകുളം ബെഞ്ച്‌ റിപ്പബ്ലിക് ദിനാഘോഷത്തിൽ ജുഡീഷ്യൽ അംഗവും വിഭാഗമേധാവിയുമായ ജസ്റ്റിസ് സുനിൽ തോമസ് ദേശീയപതാക ഉയർത്തി.


ഇന്‍ഫോപാര്‍ക്കില്‍ ഇന്‍ഫോപാര്‍ക്ക് പ്രൊജക്ട്സ് വിഭാഗം അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ ടിനി തോമസ് ഫേസ് ഒന്ന് ക്യാമ്പസില്‍ പതാകയുയര്‍ത്തി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സംഘടിപ്പിച്ച റിപ്പബ്ലിക്‌ ദിനാഘോഷത്തിൽ കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ്‌ ബെഹ്റ ദേശീയപതാക ഉയർത്തി. ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ ജീവനക്കാരുടെ നേതൃത്വത്തിൽ വാക്കത്തോണും സംഘടിപ്പിച്ചു. ലുലുമാളിൽ റൂറൽ പൊലീസ് മേധാവി എം ഹേമലത ദേശീയപതാക ഉയർത്തി. മാളിലെ സുരക്ഷാവിഭാഗം ജീവനക്കാർ നയിച്ച പരേഡിൽ സല്യൂട്ട് സ്വീകരിച്ചു.


അധികാരം വ്യക്തികളിലല്ല, ജനങ്ങളിലാണ് 
നിക്ഷിപ്തമായിരിക്കുന്നത്: മന്ത്രി പി രാജീവ്‌

കൊച്ചി

ഭരണഘടനയുടെ ജീവൻ നിലനിൽക്കുന്നത് കൃത്യമായ പ്രയോഗത്തിലാണെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ പറഞ്ഞു. അധികാരം വ്യക്തികളിലല്ല, ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും ഭരണഘടനയിലെ ഓരോ ആർട്ടിക്കിളുകൾക്കും അർഥമുണ്ടാകുന്നത് അവ, ജനജീവിതത്തിൽ പ്രാവർത്തികമാകുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് പരേഡ് ഗ്രൗണ്ടിൽ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി, ദേശീയപതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയാണെങ്കിലും അത് പ്രയോഗത്തിൽ വരുത്തുന്നവർ മോശമായാൽ ഭരണഘടനയും മോശമാകുമെന്ന ഡോ. ബി ആർ അംബേദ്കറുടെ വാക്കുകൾ മന്ത്രി അനുസ്മരിച്ചു.


ഭരണഘടനാ അസംബ്ലിയിൽ അംഗമായ വേളയിൽ ജവാഹർലാൽ നെഹ്‌റുവിന് ഗാന്ധി നൽകിയ ഉപദേശമാണ്‌, "നിങ്ങൾ ഓരോ തീരുമാനമെടുക്കുമ്പോഴും ഏറ്റവും ദരിദ്രനായ മനുഷ്യന്റെ മുഖം മനസ്സിലേക്ക് കൊണ്ടുവരണം. ആ തീരുമാനം അവരുടെ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് നോക്കണം' എന്നത്‌. ഗാന്ധിയുടെ ഈ കാഴ്ചപ്പാടാണ് കേരളത്തിന്റെ വികസന മാതൃകകൾക്ക് അടിസ്ഥാനം. കേരളത്തെ അതിദാരിദ്ര്യമുക്തമാക്കിയതും എല്ലാവർക്കും വീട് ഉറപ്പാക്കുന്ന ലൈഫ് പദ്ധതിയും ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പുകളാണ്. അധികാരം വ്യക്തികളിലല്ല, ജനങ്ങളിലാണ്‌ നിക്ഷിപ്തമായിരിക്കുന്നതെന്ന കാഴ്ചപ്പാടാണ് കേരള നിയമസഭ പാസാക്കിയ സേവന അവകാശ നിയമത്തിന് പിന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home