കാക്കനാട് ചേന മുളച്ചപ്പോൾ വന്നത് 'വാഴക്കുല'; കൗതുകക്കാഴ്ച

കാക്കനാട് ഇടച്ചിറയിൽ വാഴത്തോോപ്പിലെ മണ്ണിനടിയിൽനിന്ന് കണ്ടത്തിയ ചേനയും കുലയും കൃഷി ഓഫീസർ ശിൽപ്പ വർക്കി പരിശോധിക്കുന്നു
കാക്കനാട്: പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ കണ്ട അപൂർവകാഴ്ച നാട്ടുകാരിലും വീട്ടുകാരിലും കൗതുകമുണർത്തി. കാക്കനാട് ഇടച്ചിറ അകംപുറത്ത് എ കെ ബഷീറിന്റെ വീട്ടുവളപ്പിലെ വാഴത്തോപ്പ് വൃത്തിയാക്കാൻ ഇറങ്ങിയ അതിഥിത്തൊഴിലാളിയാണ് മണ്ണിനടിയിൽനിന്ന് വാഴക്കുല പുറത്തേക്കുവരുന്നത് കണ്ടത്. എന്നാൽ, മണ്ണ് നീക്കി സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ചേനയുടെ നടുവിൽനിന്നാണ് കുലയുടെ രൂപത്തിൽ മുളച്ചുപൊന്തിയിരിക്കുന്നതെന്ന് മനസ്സിലാക്കി.
ആകൃതിയിലും ഭാവത്തിലും വാഴക്കുലയോടുള്ള സാദൃശ്യം കണ്ട് വീട്ടുകാർപോലും തുടക്കത്തിൽ വാഴക്കുലതന്നെയെന്ന് കരുതി. വാർഡ് കൗൺസിലർ പി എസ് നൗഷാദ് സ്ഥലത്തെത്തുകയും കൃഷി ഓഫീസർ ശിൽപ്പ വർക്കിയെ അറിയിക്കുകയും ചെയ്തു. കൃഷി ഓഫീസർ പരിശോധന നടത്തി. ചേനത്തണ്ട് സാധാരണയിൽ കവിഞ്ഞ് വളർന്ന് അതിൽ വിത്തുകൾ ഉണ്ടായതാണ് ഈ അപൂർവകാഴ്ചയ്ക്ക് കാരണമെന്ന് കൃഷി ഓഫീസർ വിശദീകരിച്ചു.
കാട്ടുചേന ഇനത്തിൽപ്പെട്ട ചെടിയുടെ വിത്തു വരുന്ന ഭാഗമാണിത്. അപൂർവമായി കാണുന്നതാണ് ഇൗ പ്രതിഭാസം. ഇത് ഭക്ഷ്യയോഗ്യമല്ലെന്നും ചൊറിച്ചിൽ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. അപൂർവകാഴ്ച നേരിൽ കാണാൻ നിരവധിപേർ ബഷീറിന്റെ വീട്ടിലെത്തുന്നുണ്ട്.








0 comments