ad
Deshabhimani

പുരോഗമന കലാസാഹിത്യസംഘം ജില്ലാ കൺവൻഷൻ

വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ഉത്തരവ് പിൻവലിക്കുക -

pu ka sa

പുരോഗമന കലാസാഹിത്യസംഘം ജില്ലാ കൺവൻഷൻ തിരുവാങ്കുളം കമ്മ്യൂണിറ്റി ഹാളിൽ എൻ എസ് മാധവൻ ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 10, 2026, 02:37 AM | 2 min read

തൃപ്പൂണിത്തുറ


സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.


വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരിക്കുന്ന നടപടികളിൽനിന്ന്‌ സംസ്ഥാന സർക്കാർ പിന്മാറുക, സമൂഹമാധ്യമങ്ങളിൽനിന്ന്‌ ജന്തർമന്തർ പ്രക്ഷോഭത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കാനുള്ള നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്തിരിയുക, സാമൂഹ്യ സുരക്ഷാ പെൻഷൻ ദേശസാൽകൃത ബാങ്കുകൾവഴിയാക്കാനുള്ള തീരുമാനം പിൻവലിക്കുക, കോർപറേഷന്‌ കീഴിലുള്ള പി ജെ ആന്റണി സ്മാരകം നാടക- സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക്‌ തുറന്നുകൊടുക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു.


എഴുത്തുകാരൻ എൻ എസ്‌ മാധവൻ കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഡോ. കെ ജി പ‍ൗലോസ്‌ അധ്യക്ഷനായി. ‘വർത്തമാന ഇന്ത്യൻ സാഹചര്യവും സാംസ്കാരിക കടമകളും’ വിഷയത്തിൽ ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ് പ്രഭാഷണം നടത്തി. ജില്ലാ എക്സിക്യൂട്ടീവംഗം എൻ വി പീറ്റർ അനുശോചന പ്രമേയവും സംസ്ഥാന സെക്രട്ടറി ജോഷി ഡോൺബോസ്‌കോ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സഹീർ അലി പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ കെ ദാസ്‌ കണക്കും അവതരിപ്പിച്ചു. മുൻ ജില്ലാ സെക്രട്ടറി എ എൻ മണിയപ്പനെ ഡോ. കെ ജി പ‍ൗലോസ്‌ ആദരിച്ചു.



ജോൺ ഫെർണാണ്ടസ്‌, രവിത ഹരിദാസ്‌, വിനോദ്‌ കൃഷ്‌ണ, കെ എ രാജേഷ്‌, വിജയകുമാരി, കെ രവിക്കുട്ടൻ, ജയകുമാർ ചെങ്ങമനാട്‌, സേവ്യർ പുൽപ്പാട്ട്‌, വി എം പ്രഭാകരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി വാസുദേവൻ സ്വാഗതവും കൺവീനർ കെ എസ്‌ ദേവരാജ്‌ നന്ദിയും പറഞ്ഞു. 16 മേഖല കമ്മിറ്റികളിൽനിന്ന്‌ 242 പ്രതിനിധികൾ പങ്കെടുത്തു. 16 പേർ പൊതുചർച്ചയിൽ പങ്കെടുത്തു.


അഭിപ്രായം പറയുന്നവരെ കേന്ദ്രം വേട്ടയാടുന്നു:
എൻ എസ്‌ മാധവൻ


തൃപ്പൂണിത്തുറ


അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാത്ത ഭരണമാണ്‌ രാജ്യത്ത്‌ നിലനിൽക്കുന്നതെന്ന്‌ എഴുത്തുകാരൻ എൻ എസ്‌ മാധവൻ പറഞ്ഞു. ഡൽഹിയിൽ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ വിദ്യാർഥികളെ പെല്ലറ്റ്‌ ഗണ്ണും ആണിതറച്ച ലാത്തിയും ഉപയോഗിച്ചാണ്‌ കേന്ദ്ര സർക്കാർ നേരിട്ടത്‌. ഒടുവിൽ വിദ്യാർഥികൾക്ക്‌ മുന്നിൽ സർക്കാരിന്‌ മുട്ടുമടക്കേണ്ടി വന്നു– പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.


ഐടി സെല്ലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ച്‌ തങ്ങൾക്കെതിരെ അഭിപ്രായങ്ങൾ പറയുന്നവരെ ബിജെപി സർക്കാർ വേട്ടയാടുകയാണ്‌. അഭിപ്രായം പറയുകയും സംസാരിക്കുകയുമാണ്‌ ഇന്നത്തെ കാലത്ത്‌ ചെയ്യാവുന്ന കലാപ്രവർത്തനം. രാജ്യത്ത്‌ ജനിച്ചുവളർന്നവരുടെ പ‍ൗരത്വം എസ്‌ഐആറിന്റെ പേരിൽ നിഷേധിക്കുന്നത്‌ ഞെട്ടിക്കുന്നു. ബിഎൽഒ വീട്ടിൽവന്ന്‌ മടങ്ങിപ്പോകുന്ന ചെറിയ സമയംകൊണ്ട്‌ പ‍ൗരത്വം ഇല്ലാതാകുന്ന സാഹചര്യം രാജ്യത്തുണ്ടായി – എൻ എസ്‌ മാധവൻ പറഞ്ഞു.


pukasaപുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൺവൻഷനിൽ ‘വർത്തമാന ഇന്ത്യൻ സാഹചര്യവും സാംസ്കാരിക കടമകളും’ വിഷയത്തിൽ ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ് സംസാരിക്കുന്നു


സാംസ്കാരിക സ്വത്വത്തെ മാറ്റിമറിക്കാൻ 
സംഘപരിവാർ ശ്രമം: എം സ്വരാജ്‌


തൃപ്പൂണിത്തുറ


രാഷ്ട്രീയ അധികാരം ഉപയോഗിച്ച് രാജ്യത്തിന്റെ സാംസ്കാരിക സ്വത്വത്തെ മാറ്റിമറിക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന്‌ ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ് പറഞ്ഞു. ചരിത്രത്തെ മായിച്ചുകളഞ്ഞ്‌ മിത്തുകളെ യാഥാർഥ്യമാക്കി അവതരിപ്പിക്കാനുള്ള കഥകൾ തയ്യാറാക്കുകയാണെന്നും സ്വരാജ്‌ പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കൺവൻഷനിൽ ‘വർത്തമാന ഇന്ത്യൻ സാഹചര്യവും സാംസ്കാരിക കടമകളും’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.



ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത് ഗാന്ധി അനുസ്മരണം എഴുതുന്ന കാലത്താണ് നാം ജീവിക്കുന്നത്‌. ബോധപൂർവമായ ഒരു രാഷ്ട്രീയപ്രക്രിയയുടെ ഭാഗമാണിത്. സ്വതന്ത്രമായി വോട്ട് ചെയ്യാൻ കഴിയുന്ന നിലയിലേക്ക് ഇന്ത്യയിലെ വോട്ടർമാർ വളരുമ്പോഴാണ് ശരി തെരഞ്ഞെടുക്കപ്പെടുന്നത്‌. കേരളത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുംവിധം ആധുനിക മാർക്കറ്റിങ്‌ രീതികൾ എത്തിക്കഴിഞ്ഞു. സമൂഹത്തിന് വഴികാട്ടുന്ന ഇടപെടൽശക്തിയായി സാംസ്കാരിക പ്രവർത്തകർക്ക് വളരാനാകണമെന്നും സ്വരാജ്‌ പറഞ്ഞു.


pukasa1 ഡോ. കെ ജി പ‍ൗലോസ് സഹീർ അലി


ഡോ. കെ ജി പ‍ൗലോസ്‌ പ്രസിഡന്റ്‌, 
സഹീർ അലി സെക്രട്ടറി


പുരോഗമന കലാസാഹിത്യസംഘം ജില്ലാപ്രസിഡന്റായി ഡോ. കെ ജി പ‍ൗലോസിനെയും സെക്രട്ടറിയായി സഹീർ അലിയേയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: വി കെ പ്രസാദ്, കെ പി അജിത് കുമാർ, ഹരിലാൽ, ബാബുരാജ് വൈറ്റില, കെ രവികുട്ടൻ, എം വി വിജയകുമാരി, തെന്നൽ, സി ബി വേണുഗോപാൽ (വൈസ് പ്രസിഡന്റുമാർ), കെ എ രാജേഷ്, രവിത ഹരിദാസ്, വി എം പ്രഭാകരൻ, നിഷാദ് ബാബു, സി എൻ കുഞ്ഞുമോൾ, പി ജി സജീവ്, എ എസ് ദിലീഷ്, പി പി അശോകൻ (ജോയിന്റ്‌ സെക്രട്ടറിമാർ), എ കെ ദാസ് (ട്രഷറർ).





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home