നരിക്കുഴിച്ചിറയിൽ കാർണിവലിന് അനുമതിയില്ല; മഞ്ഞപ്രയിൽ പ്രതിഷേധ കാർണിവലുമായി യുവത

തവളപ്പാറ നരിക്കുഴിച്ചിറ കാർണിവലിന് അനുമതി നിഷേധിച്ച മഞ്ഞപ്രയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
തവളപ്പാറ നരിക്കുഴിച്ചിറയിൽ പുതുവർഷ കാർണിവലിന് അനുമതി നിഷേധിച്ച മഞ്ഞപ്ര പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. മഞ്ഞപ്ര മേഖലാ കമ്മിറ്റി പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധ കാർണിവൽ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ശ്രീലക്ഷ്മി ചന്ദ്രൻ അധ്യക്ഷയായി.
മഞ്ഞപ്ര തവളപ്പാറ നരിക്കുഴിച്ചിറ കൈയേറ്റക്കാരിൽനിന്ന് ഒഴിപ്പിച്ചെടുത്തത് കഴിഞ്ഞ ഇടത് ഭരണസമിതിയാണ്. തുടർന്ന് ഭരണസമിതിയുടെയും വാർഡ് അംഗം സീന മാർട്ടിന്റെയും പരിശ്രമത്താൽ ജലവിഭവവകുപ്പിൽനിന്ന് 50 ലക്ഷം രൂപ അനുവദിപ്പിച്ച് നവീകരിച്ച് മനോഹരമാക്കി. നവീകരിച്ച ചിറ മന്ത്രി പി പ്രസാദാണ് ഉദ്ഘാടനംചെയ്തത്.
പുതുവർഷം ആഘോഷിക്കാനും കാർണിവൽ സംഘടിപ്പിക്കാനും നാട്ടുകാരുടെ ആവശ്യപ്രകാരം ഡിസംബർ 20ന് വാർഡ് അംഗം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകി. എന്നാൽ, കോൺഗ്രസ് ഭരണസമിതി രാഷ്ട്രീയ ലാക്കിൽ അനുമതി നിഷേധിക്കുകയായിരുന്നു. പ്രതിഷേധയോഗത്തിൽ മേഖലാ സെക്രട്ടറി ജസ്റ്റിൻ തോമസ്, അജേഷ് ബിജു, ഐ പി ജേക്കബ്, ടി പി വേണു, സീന മാർട്ടിൻ, രാജീവ് ഏറ്റിക്കര, ലീന ബെന്നി തുടങ്ങിയവർ സംസാരിച്ചു.










0 comments