4 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്

കൊച്ചി
ജില്ലയിലെ നാല് വാർഡുകളിലെ വോട്ടർമാർ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്. കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവ് ഡിവിഷൻ, വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക്, പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഇൗസ്റ്റ്, പാറക്കടവ് പഞ്ചായത്തിലെ പുളിയനം തെക്ക് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.
അധികാരത്തിലേറിയതിനുപിന്നാലെ പവർകട്ട് ഉൾപ്പെടെയുള്ള നടപടികളിലൂടെ ജനജീവിതം ദുസ്സഹമാക്കിയ യുഡിഎഫ് സർക്കാരിന് എതിരെയുള്ള ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അധികാര ദുർവിനിയോഗത്തിനും സ്വജനപക്ഷപാതത്തിനും സ്പോൺസർഷിപ് ഭരണത്തിനും എതിരെ ജനം വിധിയെഴുതും. നാലിടങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികളെ വോട്ടർമാർ ഹൃദയത്തിലേറ്റി.
കൊച്ചി കോർപറേഷൻ അയ്യപ്പൻകാവ് ഡിവിഷനിൽ എൽഡിഎഫിനായി മത്സരിക്കുന്നത് പി കെ ഉസ്മാനാണ്. എൽഡിഎഫ് ഭരണകാലയളവിൽ കൈവരിച്ച നേട്ടങ്ങൾ എല്ലാം യുഡിഎഫ് ഭരണ സമിതി ഇല്ലാതാക്കുകയാണ് നഗരത്തിൽ. രൂക്ഷമായ കുടിവെള്ളക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുകയാണ് നഗരം. എ കെ അജിത്കുമാറാണ് യുഡിഎഫ് സ്ഥാനാർഥി. കെ ഡി ബിജോയ് എൻഡിഎ സ്ഥാനാർഥി. കൗൺസിലറായിരുന്ന ദീപക് ജോയ് എംഎൽഎ ആയതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് വാർഡിൽ ലൈജു ജോസഫാണ് എൽഡിഎഫിനായി മത്സരിക്കുന്നത്. ഭരണപരിചയവും പ്രവർത്തനമികവും ജനകീയതയും കൈമുതലായ ലൈജു നാടിന് പ്രിയങ്കരനാണ്. ജോസ് കുനിയന്തോടത്ത് (യുഡിഎഫ്), പി ആർ സാൻ (എൻഡിഎ) എന്നിവരാണ് എതിർ സ്ഥാനാർഥികൾ. യുഡിഎഫിലെ സെബി പുത്തൻവീട്ടിൽ വിദേശത്ത് ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ്.
പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഇൗസ്റ്റിൽ നീതു ജോയിഡാണ് എൽഡിഎഫ് സ്ഥാനാർഥി. പഞ്ചായത്തിലെ വികസന മുരടിപ്പിനും ഭരണസ്തംഭനത്തിനുമെതിരെയും ട്വന്റി 20യുടെ വർഗീയ കോർപ്പറേറ്റ് രാഷ്ട്രീയത്തിനുമെതിരെയുമുള്ള വിധിയെഴുത്താകും. സാറാമ്മ പൈലിപ്പിള്ള (യുഡിഎഫ്), ദീനമ്മ ജേക്കബ് (ട്വന്റി 20) എന്നിവരാണ് സ്ഥാനാർഥികൾ. ട്വന്റി 20യുടെ പൂജ ജോമോൻ പാർടിയുടെ എൻഡിഎ ബന്ധത്തിന്റെ പേരിൽ രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ്.
പാറക്കടവ് പഞ്ചായത്തിലെ പുളിയനം തെക്ക് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സുഗന്ധി ജോഷിയാണ്. നാടിന്റെ വളർച്ചക്കും വികസനത്തിനും എൽഡിഎഫ് പ്രതിനിധിതന്നെ വാർഡിനെ പ്രതിനിധീകരിക്കണമെന്ന് ഉറപ്പിക്കുകയാണ് വോട്ടർമാർ. മല്ലിക രവി (യുഡിഎഫ്), സാന്ദ്ര സുബ്രഹ്മണ്യൻ (എൻഡിഎ) എന്നിവരാണ് സ്ഥാനാർഥികൾ. മെന്പറായിരുന്ന രാജി രാജീവ് വിദേശത്ത് ജോലിക്ക് പോയതിനെത്തുടർന്ന് രാജിവയ്ക്കുകയായിരുന്നു.









0 comments