പോളിങ്ങിന് പറവൂരിലെ ബൂത്തുകൾ സജ്ജം

പറവൂർ
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തുകൾ ഒരുങ്ങി. പറവൂർ നഗരസഭയിലെ പോളിങ് ബൂത്തുകളിലേക്കുള്ള സാമഗ്രികളുടെ വിതരണം ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലും പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്കിന് കീഴിലുള്ള വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം, ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലെയും ബൂത്തുകളിലേക്കുള്ള സാമഗ്രികളുടെ വിതരണം പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂളിലും നടന്നു. പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥരെ വാഹനങ്ങളിൽ അതതു പോളിങ് ബൂത്തുകളിൽ എത്തിച്ചു.
ഒരു പോളിങ് ബൂത്തില്‍ ഒരു പ്രിസൈഡിങ് ഓഫീസറും ഒരു ഫസ്‌റ്റ് പോളിങ് ഓഫീസറും രണ്ട് പോളിങ് ഓഫീസർമാരുമുണ്ട്. മൂന്ന് ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും ഓരോ ബൂത്തിൽ സജ്ജമാക്കി. വോട്ടെടുപ്പിനിടെ യന്ത്രതകരാർപോലുള്ള കാര്യങ്ങൾ ഉണ്ടായാൽ മെഷീൻ മാറ്റൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രോഡീകരിക്കാൻ ശരാശരി, എട്ട് പോളിങ് ബൂത്തുകൾക്ക് ഒരാൾ എന്നനിലയിൽ സെക്ടറൽ ഓഫീസർമാരെ ചുമതലപ്പെടുത്തി.
റിസർവിലുള്ള ഉദ്യോഗസ്ഥർ പോളിങ് സമയം കഴിയുംവരെ വിതരണകേന്ദ്രത്തിൽ ഉണ്ടാകും. തിങ്കളാഴ്ച പോളിങ് ബൂത്തുകളിൽ പോയ ഉദ്യോഗസ്ഥരിൽ ആർക്കെങ്കിലും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ റിസർവിൽ ഉള്ളവരെ പോളിങ് ബൂത്തുകളിൽ എത്തിക്കും. പോളിങ്ങിനുശേഷം നഗരസഭയിലെ ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങൾ പറവൂർ ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലും ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെയും യന്ത്രങ്ങൾ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂളിലും തിരികെയെത്തിക്കും. വോട്ടെണ്ണൽ ഈ വിദ്യാലയങ്ങളിൽത്തന്നെ നടക്കും.










0 comments