ad
Deshabhimani

ആമ്പല്ലൂരിന്റെ ഉറച്ച ശബ്ദം, പിറവം തിരിച്ചുപിടിക്കും

piravom

പിറവം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി സാബു കെ ജേക്കബിനെ ആമ്പല്ലൂർ നെടുവേലിക്കുന്നിലെ സ്വീകരണ കേന്ദ്രത്തിൽ തൊണ്ണൂറ്റിയഞ്ചുകാരി യശോധര ആശ്ലേഷിക്കുന്നു

avatar
ശ്രീരാജ്‌ ഓണക്കൂർ [email protected]

Published on Mar 26, 2026, 02:03 AM | 1 min read

പിറവം


ആന്പല്ലൂർ നെടുവേലിക്കുന്നിലെ സ്വീകരണവേദിയിൽ തൊണ്ണൂറ്റിയഞ്ചുകാരി യശോധര രാവിലെമുതൽ കാത്തുനിൽക്കുകയായിരുന്നു. പിറവം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി സാബു കെ ജേക്കബിന്‌ പൂക്കൾ സമ്മാനിച്ച്‌ യശോധര വിജയാശംസയറിയിച്ചു. യശോധരയെ ചേർത്തുനിർത്തി സ്ഥാനാർഥി നന്ദിയറിയിച്ചു.


വികസനമുരടിപ്പിൽനിന്ന്‌ സാബു കെ ജേക്കബ്‌ പിറവത്തെ കൈപിടിച്ച്‌ കയറ്റുമെന്ന ഉറപ്പിൽ നാടെങ്ങും ഹൃദയം നൽകി സ്വീകരിക്കുകയാണ്‌. പൊതുപര്യടനം കടന്നുപോകുന്ന വഴിയിലെങ്ങും ജനം വിജയാശംസയുമായി എത്തുന്നു.

ഇരുചക്രവാഹനറാലിയൊരുക്കിയും പൂക്കൾ സമ്മാനിച്ചും രക്തഹാരമണിയിച്ചുമാണ്‌ സ്ഥാനാർഥിയെ ആന്പല്ലൂർ വരവേറ്റത്‌. സെൽഫിയെടുക്കാനും വിശേഷങ്ങൾ തിരക്കാനും വോട്ടർമാർ ഒപ്പംകൂടി. കരിമരുന്ന്‌ പ്രയോഗത്തോടെ സ്ഥാനാർഥിയുടെ വാഹനവ്യൂഹത്തെ നാട്‌ വരവേറ്റു.


ആന്പല്ലൂർ ആക്കാപ്പനത്തുനിന്ന്‌ ബുധൻ രാവിലെ ആരംഭിച്ച പൊതുപര്യടനം സിഐടിയു കൂത്താട്ടുകുളം ഏരിയ സെക്രട്ടറി കെ പി സലീം ഉദ്‌ഘാടനം ചെയ്‌തു. വള്ളാരിൽമല, കുമുള്ളിൽമല, ലക്ഷംവീട്‌, പള്ളിത്താഴം, പാലോത്തുമുക്ക്‌, പൊറ്റിനാംകുന്ന്‌, ആന്പല്ലൂർ നഗർ, ആന്പല്ലൂർ കവല, ചെറുകര ഗ്യാസ്‌ ഗോഡ‍ൗൺ പരിസരം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.


നിലവിലെ എംഎൽഎ ഒരുവികസനവും നാട്ടിൽ നടത്തിയിട്ടില്ലെന്ന്‌ സാബു കെ ജേക്കബ്‌ വോട്ടർമാരെ ഓർമപ്പെടുത്തി. അതേസമയം, ജനക്ഷേമപദ്ധതികളുമായി മുന്നോട്ടുപോകുന്ന പിണറായി വിജയൻ സർക്കാർ മൂന്നാംവട്ടവും അധികാരത്തിൽ വരുമെന്നും പിറവം നമ്മൾ തിരിച്ചുപിടിക്കുമെന്നും സ്ഥാനാർഥി പറഞ്ഞു. സ്ഥാനാർഥിയുടെ വാക്കുകൾക്ക്‌ നിറഞ്ഞ കൈയടി.


ആന്പല്ലൂർ കവല, വെളിപ്പാലം, കാഞ്ഞിരമറ്റം റെയിൽവേ സ്‌റ്റേഷൻ, ഒലിപ്പുറം എന്നിവിടങ്ങളിൽനിന്ന്‌ തലയോലപ്പറമ്പ്‌, എറണാകുളം ഭാഗത്തേക്ക്‌ വരാൻ റെയിൽഗേറ്റ്‌ കടക്കണം. ഇതിന്‌ പരിഹാരമായി മേൽപ്പാലം നിർമിക്കണമെന്ന ആവശ്യവും വോട്ടർമാർ മുന്നോട്ടുവച്ചു. ജയിച്ചുവന്നാൽ പരിഹാരം കാണാൻ ശ്രമിക്കുമെന്ന്‌ സ്ഥാനാർഥിയുടെ ഉറപ്പ്‌. കാഞ്ഞിരമറ്റം നഗർ, ജയശ്രീ കവല, മാരേത്താഴം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച പര്യടനം വൈകിട്ട്‌ അരയൻകാവിൽ സമാപിച്ചു. സാബു കെ ജേക്കബ് വ്യാഴാഴ്‌ച കണയന്നൂർ മേഖലയിലും എടയ്ക്കാട്ടുവയൽ പഞ്ചായത്തിലും പൊതുപര്യടനം നടത്തും.


യുഡിഎഫ്‌ സ്ഥാനാർഥി അനൂപ് ജേക്കബ് മുളന്തുരുത്തി പഞ്ചായത്തിലെ വട്ടുകുന്നിൽനിന്ന്‌ പര്യടനം ആരംഭിച്ചു. മുളന്തുരുത്തി കരവട്ടെകുരിശിൽ സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home