Deshabhimani

ഓണം ഫുൾ ഓൺ

onam full on

തൃപ്പുണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ പോയകാലത്തിന്റെ സ്മരണയുണർത്തി 
കാളവണ്ടിയുമായെത്തിയവർ

avatar
സ്വന്തം ലേഖകൻ

Published on Aug 17, 2026, 02:43 AM | 2 min read

കൊച്ചി


ഓണാഘോഷത്തിന്‌ നിറംപകർന്ന്‌ തൃപ്പൂണിത്തുറയിൽ ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര. കേരളീയ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും അണിനിരന്ന ഘോഷയാത്ര ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. രാവിലെമുതൽ ചരിത്രനഗരി ജനനിബിഢമായിരുന്നു. പാതയുടെ ഇരുവശങ്ങളിലുമായി മണിക്കൂറുകൾക്കുമുന്പേ ആയിരങ്ങൾ സ്ഥാനംപിടിച്ചു. തെളിഞ്ഞ ആകാശവും ആഘോഷത്തിന്‌ മാറ്റുകൂട്ടി.


തൃപ്പൂണിത്തുറ ഗവ. ബോയ്‌സ്‌ എച്ച്‌എസ്‌എസിൽ മന്ത്രി അനൂപ് ജേക്കബ് അത്തം പതാക ഉയർത്തി. മുഖ്യമന്ത്രി വി ഡി സതീശൻ ഘോഷയാത്ര ഉദ്‌ഘാടനംചെയ്തു. ദീപക് ജോയ് എംഎൽഎ അധ്യക്ഷനായി. നടൻ ജഗദീഷും മന്ത്രി അനൂപ്‌ ജേക്കബും ചേർന്ന്‌ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എംപിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, കലക്ടർ ജി പ്രിയങ്ക, സിറ്റി പൊലീസ് കമീഷണർ എസ് കാളിരാജ് മഹേഷ്‌കുമാർ, ​തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ പി എൽ ബാബു, വൈസ് ചെയർപേഴ്സൺ രാധികവർമ, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പിള്ളി, അത്തച്ചമയാഘോഷം ജനറൽ കൺവീനർ ഇ എസ് രാകേഷ് പൈ എന്നിവർ സംസാരിച്ചു.


തിരുവാതിര, കൈകൊട്ടിക്കളി, മാർഗംകളി, ഒപ്പന, കോൽക്കളി, പരിചമുട്ട്‌, കാവടിയാട്ടം തുടങ്ങിയ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക്‌ അകന്പടിയേകി. കഥകളി, തെയ്യം, പുലികളി, കാവടി എന്നിവയും നിറം പകർന്നു. ചെണ്ടമേളവും ബാൻഡ്‌മേളവും ശിങ്കാരിമേളവും നാസിക്‌ദോളുമെല്ലാം കൊട്ടിക്കയറിയതോടെ നഗരം ആവേശത്തിമിർപ്പിലായി. മുണ്ടത്തിക്കോട്‌ വെടിക്കെട്ടപകടം, അമിതമായ മൊബൈൽ ഫോൺ ഉപയോഗം, അപകടത്തിൽപ്പെ‌ട്ട് വസ്ത്രം കീറിയ യുവതിക്ക് ഉടുമുണ്ട് അഴിച്ചുനൽകിയ ചായ വിൽപ്പനക്കാരൻ ഷാജി എന്നിവയെല്ലാം നിശ്ചലദൃശ്യങ്ങളിൽ വിഷയമായി. നടൻ മോഹൻലാലിന്റെ വേഷത്തിലും കലാകാരന്മാരെത്തി.


പാതയോരങ്ങൾ നിറഞ്ഞതോടെ ഘോഷയാത്ര കാണാൻ നിരവധിപേർ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും മുകളിൽ സ്ഥാനംപിടിച്ചു. കേരളീയ കലാരൂപങ്ങൾ ഒരുമിച്ച്‌ തെരുവിലിറങ്ങിയതോടെ വിദേശികൾക്കും ക‍ൗതുകമായി. ബസ്‌ സ്റ്റാൻഡ്‌, സ്റ്റാച്യു ജങ്‌ഷൻ, കിഴക്കേകോട്ട, എസ്‌ എൻ ജങ്‌ഷൻ, വടക്കേകോട്ട, പൂർണത്രയീശ ക്ഷേത്രം വഴി നഗരംചുറ്റി ഘോഷയാത്ര സമാപിച്ചു. രാവിലെമുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.


MAVELIനാടിൻ ആശംസകൾ... തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര കാണാനെത്തിയ വിദേശികൾക്ക് ഓണാശംസകൾ നേരുന്ന മാവേലി



അത്തച്ചമയം: മത്സരവിജയികൾ


തൃപ്പൂണിത്തുറ


അത്തച്ചമയ ഘോഷയാത്രയിൽ നിശ്ചലദൃശ്യങ്ങളിൽ അയിരേറ്റിൽ ബ്രദേഴ്‌സ് അവതരിപ്പിച്ച ‘പാഞ്ചാലി വസ്ത്രാക്ഷേപം’ ഒന്നാംസ്ഥാനം നേടി. ചോറ്റാനിക്കര ഉദയ ആർട്‌സ് ആൻഡ്‌ സ്പോട്‌സ് ക്ലബ്‌ അവതരിപ്പിച്ച ‘വെടിക്കെട്ടപകടം’ രണ്ടാംസ്ഥാനവും പൂണിത്തുറ ഫ്രണ്ട്സ് അവതരിപ്പിച്ച ‘നന്മമരം’ മൂന്നാംസ്ഥാനവും നേടി.


സ്കൂളുകളുടെ മാർച്ച് പാസ്റ്റിൽ ഗവ. വൊക്കേഷണൽ ആൻഡ്‌ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ബോയ്‌സ്, ഗവ. ഗേൾസ് ഹൈസ്കൂൾ, ഗവ. സംസ്കൃതം ഹൈസ്കൂൾ എന്നിവ യഥാക്രമം ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങൾ നേടി. പൂക്കളമത്സരത്തിൽ മഴവിൽ ആർട്ട്- വരാപ്പുഴ, സിസി ഗ്രൂപ്പ് പള്ളുരുത്തി, നവോദയ എളമക്കര എന്നിവ ആദ്യ മൂന്നുസ്ഥാനങ്ങൾ നേടി.


അത്തച്ചമയം കാവിവൽക്കരിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം


തൃപ്പൂണിത്തുറ


ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയെ കാവിവൽക്കരിക്കാൻ നഗരസഭയിലെ ബിജെപി ഭരണനേതൃത്വം നടത്തിയ നീക്കത്തിൽ എൽഡിഎഫ് പാർലമെന്ററി പാർടി പ്രതിഷേധിച്ചു. നഗരസഭ രൂപീകൃതമായശേഷം നടന്ന അത്തച്ചമയ ആഘോഷങ്ങളിൽ ഒരിക്കൽപ്പോലുമില്ലാത്ത രീതിയിലാണ്‌ ആർഎസ്എസ് പ്രചാരണ പരിപാടിയാക്കാൻ ശ്രമിച്ചത്. ആർഎസ്എസ് കൊടിപിടിക്കുന്ന നാസിക് ഡോൾ സംഘത്തെ പുണെയിൽനിന്ന്‌ എത്തിച്ച്‌ പങ്കെടുപ്പിച്ചു.


യുവജനക്ഷേമ ബോർഡ്‌, സിവിൽ ഡിഫൻസ് എന്നിവയ്‌ക്കുപുറമേ ഘോഷയാത്രയിൽ അണിനിരക്കുന്ന ക്ലബ്ബുകളുടെ പ്രതിനിധികളുമാണ്‌ വളന്റിയർമാരായി പ്രവർത്തിക്കുന്നത്. നൂറുകണക്കിന് ആർഎസ്എസുകാർക്കുമാത്രം കാവിനിറമുള്ള ബാഡ്ജ് നൽകി ഘോഷയാത്രയിൽ അണിനിരത്തി.


സാങ്കേതിക ഭൂരിപക്ഷത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി, അത്തച്ചമയത്തെയും ഓണാഘോഷങ്ങളെയും കാവിവൽക്കരിക്കാനാണ്‌ ശ്രമിച്ചത്‌. തൃപ്പൂണിത്തുറയുടെ മതേതരപാരമ്പര്യം നിലനിർത്താൻ ജനാധിപത്യ, മതേതര വിശ്വാസികൾ ഒരുമിച്ചുനിന്ന് ബിജെപിയെ ഒഴിവാക്കേണ്ട അനിവാര്യതയാണ് നിലവിലുള്ളത്‌. ആഘോഷക്കമ്മിറ്റിയെ നോക്കുകുത്തിയാക്കി ചെയർപേഴ്‌സൺ നടത്തിയ രാഷ്ട്രീയക്കളികൾക്ക് കനത്ത വിലകൊടുക്കേണ്ടിവരുമെന്നും എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി കെ ടി അഖിൽ ദാസ് പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home