മനം നിറച്ച്... പൊതുവിദ്യാലയങ്ങളിൽ പരിഷ്‌കരിച്ച ഭക്ഷണമെനു

എറണാകുളം ഗവ. ഗേൾസ് യുപി സ്കൂളിൽ കുട്ടികൾക്ക് വെജ് ഫ്രൈഡ്‌റൈസും കുറുമയും വിളമ്പുന്നു
കൊച്ചി
സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബെല്ലടിച്ചപ്പോൾ പുറത്തിറങ്ങിയ കൊച്ചുകൂട്ടുകാരെ കാത്തിരുന്നത് "സ്‌പെഷ്യൽ' വിഭവങ്ങളാണ്. വെജ് ഫ്രൈഡ് റൈസും കുറുമയും ടൊമാറ്റോ റൈസുമെല്ലാം കുട്ടികൾ ആസ്വദിച്ച് കഴിച്ചു. എല്ലാവരുടെയും മുഖത്ത് ആഹ്ലാദം. പൊതുവിദ്യാലയങ്ങളിൽ പരിഷ്‌കരിച്ച ഭക്ഷണമെനു നടപ്പാക്കിയതിന്റെ ഭാഗമായാണ് കുട്ടികൾക്ക് പ്രത്യേകവിഭവങ്ങൾ ഒരുക്കിയത്. ഒരോ വിദ്യാലയങ്ങളിലും വൈവിധ്യമാർന്ന വിഭവങ്ങൾ കുട്ടികൾക്കായി തയ്യാറാക്കി. വിളമ്പിനൽകാൻ അധ്യാപകർക്കും ആവേശം. പപ്പായ, ചീര, മുരിങ്ങയില, മത്തങ്ങ, കുമ്പളങ്ങ, ചക്ക, വാഴത്തട, വാഴക്കൂമ്പ് എന്നിവയും ഉൾപ്പെടുത്താൻ നിർദേശമുണ്ട്.

ടീച്ചറേ ഇനീം...
ഇടപ്പള്ളി ഗവ. ബിടിഎസ് എൽപി സ്കൂളിൽ ഉച്ചഭക്ഷണത്തിനുശേഷം നൽകിയ പായസം രുചിച്ച ബിഹാർ സ്വദേശിയായ മിഖൈൽ അധ്യാപികയോട് വീണ്ടും ആവശ്യപ്പെടുന്നു. പുതുക്കിയ ഭക്ഷണമെനു പ്രകാരം ഇലക്കറി ഉൾപ്പെടുത്തിയ ഉച്ചഭക്ഷണം വിളമ്പിയശേഷം ഹെഡ്മിസ്ട്രസ് ബി എസ് ബിന്ദുവിന്റെ ജന്മദിനത്തിന്റെ ഭാഗമായാണ് പായസം വിളമ്പിയത‍് ഫോട്ടോ: സുനോജ് നൈനാൻ മാത്യു
എറണാകുളം ഗവ. ഗേൾസ് യുപി സ്കൂളിൽ വെള്ളിയാഴ്‌ച ഒരുക്കിയത് വെജ് ഫ്രൈഡ് റൈസും കുറുമയുമാണ്. എട്ടാംക്ലാസുകാർക്ക് ടൊമാറ്റോ റൈസും ഒരുക്കി. നിറഞ്ഞ ചിരിയോടെയാണ് കുട്ടികൾ വരിനിന്ന് ഭക്ഷണം വാങ്ങിയത്. ഗവ. ബിടിഎസ് എൽപി സ്കൂളിൽ പരിപ്പും ചീരയും ചേർത്ത കറിയാണ് ഒരുക്കിയത്. ജന്മദിനമായതിനാൽ പ്രധാനാധ്യാപിക ബി എസ് മിനി കുട്ടികൾക്കായി പായസവും കരുതി. ഇനിമുതൽ ആഴ്‌ചയിൽ ഒരുദിവസം പ്രത്യേകവിഭവം ഒരുക്കും.










0 comments