എൻഡിആർഎഫ് പ്രാദേശികകേന്ദ്രം ഇരുന്പനത്ത്

എൻഡിആർഎഫ് റീജണൽ റെസ്പോൺസ് സെന്ററിന് ഇരുന്പനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീഡിയോ കോൺഫറൻസിലൂടെ കല്ലിട്ടപ്പോൾ
കൊച്ചി
ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) റീജണൽ റെസ്പോൺസ് സെന്ററിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കല്ലിട്ടു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ചടങ്ങ്. ഇരുമ്പനം–എരൂർ റോഡിൽ സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ച് ഏക്കറിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള റീജണൽ റെസ്പോൺസ് സെന്റർ നിർമിക്കുന്നത്.
തമിഴ്‌നാട്ടിലെ ആരക്കോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാലാം ബറ്റാലിയന് കീഴിലാണ് സെന്റർ പ്രവർത്തിക്കുക. നിലവിൽ കേരളത്തിലുള്ള രണ്ടു ടീമുകൾ തൃശൂരിലെ കേരള സിവിൽ ഡിഫൻസ് അക്കാദമിയിലാണ് പ്രവർത്തിക്കുന്നത്. സെന്റർ പൂർത്തിയാകുന്നതോടെ അവ ഇവിടേക്ക് മാറും.
ദുരന്തസാഹചര്യങ്ങളിൽ സേനാംഗങ്ങൾക്ക് അതിവേഗം വിന്യസിക്കപ്പെടാൻ സഹായിക്കുന്ന രീതിയിലുള്ള ബാരക്കുകൾ, അത്യാവശ്യ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സ്‌റ്റോർ മുറികൾ, പരിശീലന ബ്ലോക്കുകൾ എന്നിവയടങ്ങിയ വിപുലമായ സമുച്ചയമാണ് നിർമിക്കുന്നത്. മധ്യകേരളത്തിൽ എൻഡിആർഎഫിന് സ്ഥിരം കേന്ദ്രമുണ്ടാകുന്നത് അടിയന്തരഘട്ടങ്ങളിലെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നാണ് പ്രതീക്ഷ.
എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡന്റ് എസ് വൈത്തിയലിംഗം, സിഐഎസ്എഫ് ബിപിസിഎൽ യൂണിറ്റ് ഡെപ്യൂട്ടി കമാൻഡന്റ് ഗിരീശൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.










0 comments