ഗുരുപ്രസാദ പുരസ്‌കാരം എൻ എസ് മാധവന് സമ്മാനിച്ചു

കൊച്ചി
പ്രൊഫ. എം കെ സാനു എഴുതി ഒപ്പിട്ട അവസാന ഗുരുപ്രസാദ പുരസ്‌കാരം എൻ എസ് മാധവൻ ഏറ്റുവാങ്ങി. ചാവറ കൾച്ചറൽ സെന്ററിൽ പ്രൊഫ. എം കെ സാനു ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ പ്രൊഫ. എം തോമസ് മാത്യു പുരസ്‌കാരം സമ്മാനിച്ചു.
അക്ഷരസ്‌ഫുടതയോടെ തെളിനീരുപോലെയുള്ള വാക്കുകളായിരുന്നു സാനുമാഷിന്റേതെന്ന് എൻ എസ് മാധവൻ പറഞ്ഞു. പ്രായമായ ഒരാൾ സംസാരിക്കുന്നതിലും അപ്പുറം തെളിമയോടെ സംസാരിച്ചിരുന്ന അദ്ദേഹത്തെ എല്ലാവരും കേട്ടിരിക്കുമായിരുന്നു. ഗുരുപ്രസാദമാണെങ്കിലും ഗുരുവില്ലാതെ ഏറ്റുവാങ്ങേണ്ടി വന്നതിൽ അതിയായ വിഷമം ഉണ്ടെന്നും എൻ എസ് മാധവൻ പറഞ്ഞു.
പ്രൊഫ. എം തോമസ് മാത്യു അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ്, എഴുത്തുകാരി കെ ആർ മീര എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ചാവറ കൾച്ചറൽ സെന്റർ ഡയറക്‌ടർ ഫാ. അനിൽ ഫിലിപ്പ്, ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം എസ് രഞ്‌ജിത് എന്നിവർ സംസാരിച്ചു. വരുംവർഷങ്ങളിൽ വേറെ പേരിൽ അവാർഡ് നൽകുന്നതിനെക്കുറിച്ച് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് സംഘാടകർ പറഞ്ഞു.










0 comments