റേഞ്ച് റോവർ അപകടത്തിൽ റിപ്പോർട്ടായി
സർവീസ് റോഡിൽ ട്രെയ്‌ലറുകൾ നിർത്തി കാർ ഇറക്കരുത് ; മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട്

കാക്കനാട്
സർവീസ് റോഡിൽ നിർത്തി ട്രെയ്‌ലറിൽനിന്ന് കാറുകൾ ഇറക്കുന്നത് ഒഴിവാക്കണമെന്നും പകരം യാർഡുകളിൽ കയറ്റിവേണം കാറുകൾ ഇറക്കേണ്ടതെന്നും മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട്. എൻഫോഴ്സ്‌മെന്റ് ആർടിഒ കെ മനോജ് ഗതാഗത കമീഷണർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഷോറൂമിലേയ്‌ക്ക് കാർ എത്തിക്കുന്നതിന് ട്രെയ്‌ലറിൽനിന്ന് റേഞ്ച് റോവർ കാർ ഇറക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തിലാണ് വെള്ളിയാഴ്‌ച റിപ്പോർട്ട് സമർപ്പിച്ചത്.
ട്രെയ്‌ലറിൽനിന്ന് കാർ പിന്നോട്ടെടുത്ത ഡ്രൈവർക്ക് കാറിന്റെ സാങ്കേതികസംവിധാനത്തിലെ പരിചയക്കുറവാണ് അപകടത്തിന് കാരണമായതെന്ന് എംവിഐ എൻ വിനോദ് കുമാർ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. കാർ ഇറക്കുന്ന സമയം വെളിച്ചക്കുറവുണ്ടായിരുന്നതും അപകടത്തിന് കാരണമായി.
അപകടത്തിൽപ്പെട്ട കാറിന് യന്ത്രത്തകരാറോ സാങ്കേതികത്തകരാറോ ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആധുനിക സാങ്കേതികസംവിധാനമുള്ള കാറുകൾ ഓടിച്ച് പരിചയമുള്ളവരെ മാത്രമെ കാറുകൾ ഇറക്കാൻ നിയോഗിക്കാവൂ. ഇത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് ഡീലർമാരുടെ ഉത്തരവാദിത്വമാണെന്നും റിപ്പോർട്ട് പറയുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗതാഗത കമീഷണർ നൽകുന്ന നിർദേശാനുസരണം ഷോറൂമുകളിൽ കാറുകൾ എത്തിക്കുന്ന നടപടിക്രമങ്ങളുടെ പരിശോധന ശക്തമാക്കുമെന്ന് ആർടിഒ അറിയിച്ചു.










0 comments