നിയമം തെറ്റിച്ച ‘മാവേലിയും പുലിയും’ പിടിയിൽ

നിയമലംഘനത്തിന് പിടിയിലായ പരസ്യവാഹനത്തിലെ മാവേലിയും പുലികളിക്കാരും മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കൊപ്പം
കാക്കനാട്
നിയമം ലംഘിച്ച് പ്രചാരണ ബോർഡുകൾ സ്ഥാപിച്ച് വാഹനമോടിച്ചതിന് ‘മാവേലിയും പുലിയും’ കാക്കനാട് മോട്ടോർ വാഹനവകുപ്പിന്റെ പിടിയിലായി. ആവശ്യമായ അനുമതിയില്ലാതെ സ്വകാര്യ ബാങ്കിന്റെ പരസ്യവുമായി കാറിൽ സഞ്ചരിച്ചതിനാണ് നടപടി. 7,700 രൂപ പിഴ ഈടാക്കിയശേഷമാണ് ഇവരെ വിട്ടയച്ചത്.
ഇൻഫോപാർക്ക് റോഡിൽ പതിവ് പരിശോധനയ്ക്കിടയിലാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വന്ന പരസ്യവാഹനം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. ബാങ്കിന്റെ പരസ്യപ്രചാരണം കരാറെടുത്ത ഏജൻസി കൃത്യമായ ഫീസ് അടച്ചിരുന്നില്ല. തുടർന്ന്, വാഹനവും അതിലുണ്ടായിരുന്ന മാവേലിയെയും പുലികളിക്കാരെയും ആർടി ഓഫീസിലേക്ക് ഏത്തിച്ചു.
എന്നാൽ, സ്‌റ്റേഷനിൽ ഇവർക്ക് ഭക്ഷണം നൽകിയ ജീവനക്കാർ മാവേലിക്കൊപ്പം സെൽഫിയെടുത്തശേഷമാണ് യാത്രയാക്കിയത്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി കശ്യപ്, എംവിഐ എൻ വിനോദ്കുമാർ എന്നിവരും പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നു.










0 comments