പ്രവർത്തനമികവ് കൈമുതലാക്കി മിനി രാജു

പി കെ രവീന്ദ്രൻ
Published on Nov 21, 2025, 04:15 AM | 1 min read
വൈപ്പിൻ
പത്ത് വർഷത്തെ പ്രവർത്തനമികവ് കൈമുതലാക്കിയാണ് മിനി രാജു കോലഞ്ചേരി, ജില്ലാപഞ്ചായത്ത് ഞാറക്കൽ ഡിവിഷൻ സ്ഥാനാർഥിയായി ജനവിധി തേടുന്നത്. നിലവിൽ ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റാണ്. പത്തുവർഷമായി പഞ്ചായത്ത് അംഗം, പ്രസിഡന്റ് എന്നീ നിലകളിൽ സുപരിചിതയാണ്.
ജയ്‌ഹിന്ദ് മൈതാനം ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ എന്ന എൽഡിഎഫ് സർക്കാർ പദ്ധതിയിൽപ്പെടുത്തി നന്നാക്കിയെടുത്തു. ഞാറയ്‌ക്കൽ ഏഴാംവാർഡിൽ അംബേദ്‌കർ ഗ്രാമം പദ്ധതി കൊണ്ടുവന്നു. സിആർഇസഡ് പ്രശ്‌നത്തിൽ കുടുങ്ങിയവരെ പരിധിയിൽനിന്ന് ഒഴിവാക്കാൻ ഇടപെട്ടു. സ്ഥാനാർഥി കടന്നുചെല്ലുന്നയിടങ്ങളിൽ ഇൗ വികസനങ്ങളെക്കുറിച്ചാണ് ജനം ചർച്ചചെയ്യുന്നത്. ഞാറക്കൽ സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. എടവനക്കാട്, നായരന്പലം, ഞാറക്കൽ പഞ്ചായത്തുകളിലെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ജനങ്ങളെ നേരിൽക്കണ്ടു. ജില്ലാപഞ്ചായത്ത് രൂപീകരിച്ചശേഷം യുഡിഎഫ് മാത്രം വിജയിച്ച ഡിവിഷനിൽ ഇക്കുറി മാറ്റമുണ്ടാകുമെന്ന് വോട്ടർമാർ പറഞ്ഞു. പ്രമുഖ വ്യക്തികളെയും സന്ദർശിച്ച് വോട്ടുറപ്പിച്ചു.
നയാരന്പലത്തെയും എടവനക്കാട്ടെയും മീൻമാർക്കറ്റുകളിലെത്തി വോട്ടഭ്യർഥിച്ചു. നായരന്പലം വാടേൽ സെന്റ് ജോർജ് പള്ളി, പെരുന്പിള്ളി തിരുക്കുടുംബ പള്ളി, ഞാറക്കൽ ക്രിസ്‌തുരാജ പള്ളി എന്നിവിടങ്ങളിലും ഞാറക്കൽ സഹകരണ ബാങ്ക്, പെരുന്പിള്ളി കോ–ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളും സന്ദർശിച്ചു. എടവനക്കാട് പഞ്ചായത്തിലെ 11 വാർഡുകളും നായരന്പലം, ഞാറക്കൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അടങ്ങുന്നതാണ് ഞാറക്കൽ ഡിവിഷൻ.










0 comments