Deshabhimani

മെട്രോ വികസനം

ഉയരുന്നു ആശങ്ക

metro
വെബ് ഡെസ്ക്

Published on Oct 07, 2026, 02:49 AM | 1 min read

കൊച്ചി


രാജ്യത്തിന്‌ അഭിമാനമായ കൊച്ചി മെട്രോ പദ്ധതികളുടെ സുഗമമായ മുന്നോട്ടുപോക്കിൽ ആശങ്ക. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതികൾ ഉൾപ്പെടെ ഉപേക്ഷിക്കുകയാണ്‌. തേവരയിൽ ഉൾപ്പെടെ നിർമിക്കാൻ ലക്ഷ്യമിട്ടിരുന്ന ആറ്‌ ജലമെട്രോ ടെർമിനലുകൾ ഉപേക്ഷിച്ച്‌ കഴിഞ്ഞദിവസം സർക്കാർ ഉത്തരവിട്ടിരുന്നു. മെട്രോ റെയിൽ അങ്കമാലിക്ക്‌ നീട്ടാനുള്ള വിശദപദ്ധതിരേഖ സമർപ്പിച്ചിട്ടും അനക്കമില്ല.


യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തി ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മെട്രോ വികസനത്തിന്റെ താളംതെറ്റുകയാണ്‌. ഇതുവരെ കെഎംആർഎല്ലിന്‌ എംഡിയെ നിയമിക്കാനായിട്ടില്ല. വികസനപദ്ധതികളുടെ ആസൂത്രണത്തിലും നിർവഹണത്തിലും മുഴുവൻസമയ എംഡിയുടെ പങ്ക്‌ പ്രധാനമാണ്‌. കലക്ടർ ജി പ്രിയങ്കക്കാണ്‌ എംഡിയുടെ താൽക്കാലിക ചുമതല. എംഡി പദവിക്കായി കോൺഗ്രസിലെ ഗ്രൂപ്പുകൾ തമ്മിൽ പോര്‌ നടക്കുകയാണ്‌. തങ്ങൾക്കൊപ്പമുള്ള മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഗ്രൂപ്പുകൾ മുന്നോട്ടുവച്ചിട്ടുണ്ട്‌. എന്നാൽ യുഡിഎഫിന്‌ ഇതുവരെ സമവായത്തിൽ എത്താനായിട്ടില്ല. മെട്രോ അങ്കമാലിക്ക്‌ നീട്ടാനുള്ള മൂന്നാംഘട്ട പദ്ധതിയുടെ വിശദപദ്ധതിരേഖ സർക്കാരിന്‌ സമർപ്പിച്ചിട്ട്‌ ഒരുമാസം പിന്നിട്ടു. ഇതുവരെ തുടർനടപടികളുണ്ടായിട്ടില്ല. കൊച്ചി വിമാനത്താവളംവഴി കടന്നുപോകുന്നതാണ്‌ മൂന്നാംഘട്ടം.


ജലമെട്രോ വികസനത്തിന്റെ വേഗതയും മെല്ലെയായിട്ടുണ്ട്‌. തേവര, മൂലന്പിള്ളി, കോതാട്‌, ചെറിയംതുരുത്ത്‌, അമൃത, ആസ്‌റ്റർ ടെർമിനലുകൾ ഒഴിവാക്കി ഗതാഗതവകുപ്പ്‌ കഴിഞ്ഞദിവസം ഉത്തരവിട്ടത്‌ തിരിച്ചടിയായിരുന്നു.

സംസ്ഥാന സർക്കാർ, കൊച്ചി കോർപറേഷൻ, കെഎംആർഎൽ എന്നിവ സഹകരിച്ച് നടപ്പാക്കുന്ന 3716.10 കോടിയുടെ കനാൽ പുനഃരുജ്ജീവന പദ്ധതിയും ഇഴഞ്ഞുതുടങ്ങി. പേരണ്ടൂര്‍, ചിലവന്നൂര്‍, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാര്‍ക്കറ്റ് കനാല്‍ എന്നീ ആറ്‌ കനാലുകൾ ആഴവും വീതിയും കൂട്ടി സ‍ൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയാണിത്‌. യുഡിഎഫ്‌ സർക്കാരിന്റെ അവഗണനാമനോഭാവവും നിക്ഷിപ്‌തതാൽപര്യങ്ങളും മെട്രോ വികസനത്തെയാകെ പിന്നോട്ടടിക്കുകയാണ്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home