മഹാരാജാസ് ഓഡിറ്റോറിയം 27ന് തുറക്കും

കൊച്ചി
എറണാകുളം മഹാരാജാസ് കോളേജിൽ കിഫ്‌ബി ഫണ്ടിൽ നിർമിച്ച ആധുനിക ഓഡിറ്റോറിയം 27ന് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കോളേജില്‍ ഒരുവർഷം നീളുന്ന, 150–-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോടൊപ്പമാണ് ഓഡിറ്റോറിയം തുറക്കുന്നത്. കിഫ്‌ബി ഫണ്ടിൽനിന്ന് 15.45 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. കിറ്റ്കോയാണ് 3875.65 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഓഡിറ്റോറിയത്തിന്റെ പദ്ധതി തയ്യാറാക്കിയത്. നിലവിലെ ഓഡിറ്റോറിയത്തിന്റെ സ്ഥാനത്ത് മൂന്നുനിലകളുള്ള ഓഡിറ്റോറിയം ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമിച്ചത്. താഴെ നിലയിൽ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രധാന ഹാളിൽ 700 പേരും ബാൽക്കണിയിൽ 350 പേരുമടക്കം 1050 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. പ്രായമായവർക്കും ശാരീരിക വൈകല്യമുള്ളവർക്കുമടക്കം ഹാളിൽ പ്രവേശിക്കുന്നതിന് ലിഫ്റ്റ്, റാമ്പ് സൗകര്യം ഒരുക്കാൻ പ്രത്യേകം തുക ഉടൻ അനുവദിക്കും. കിറ്റ്‌കോ ഇതിനായി കിഫ്‌ബിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഉടൻതന്നെ റാമ്പിന്റെയും ലിഫ്‌റ്റിന്റെയും നിർമാണം പൂർത്തിയാകും. നിലവിൽ താൽക്കാലിക റാമ്പ് സൗകര്യം ഒരുക്കും. 1975ൽ മഹാരാജാസ് കോളേജിന്റെ 100–-ാം വാര്‍ഷികത്തില്‍ നിർമിച്ച സെന്റിനറി ഓഡിറ്റോറിയം തകർച്ചയിലായതിനെ തുടർന്നാണ് ആധുനികസംവിധാനത്തോടെ പുതിയ ഓഡിറ്റോറിയം നിർമിച്ചത്.









0 comments