ad
Deshabhimani

എംജി സര്‍വകലാശാല കലോത്സവം ; കിരീടം ചൂടി 
മഹാരാജാസ്‌

Mg University
avatar
ടി എ റെജികുമാർ

Published on Mar 06, 2026, 01:15 AM | 1 min read


തിരുവല്ല

തിരുവല്ലയിൽ നടന്ന എംജി സർവകലാശാല കലോത്സവത്തിൽ എറണാകുളം മഹാരാജാസ് കോളേജിന് കലാകിരീടം. കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്ന മഹാരാജാസ് ഇത്തവണ വൻകുതിപ്പാണ് നടത്തിയത്.തൃപ്പൂണിത്തുറ ആർഎൽവി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ്‌ ഫൈൻ ആർട്സാണ് രണ്ടാംസ്ഥാനത്ത്‌.


അവസാന ദിവസം വരെ മുന്നിട്ട് നിന്ന തേവര സേക്രട്ട് ഹാർട്ട് കോളേജിനാണ്‌ മൂന്നാം സ്ഥാനം. കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായിരുന്ന സെന്റ്‌ തേരേസാസ് നാലാമതാണ്.


അപർണ മോഹൻ കലാതിലകം; 
എസ് വിഷ്ണു പ്രതിഭ

എംജി സർവകലാശാല കലോത്സവത്തിൽ മൂവാറ്റുപുഴ നിർമലാ കോളേജിലെ അപർണ മോഹൻ കലാതിലകം. തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ എസ് വിഷ്ണു കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. നിർമലാ കോളേജിലെ ബിസിഎ മൂന്നാംവർഷ വിദ്യാർഥിനി അപർണ മോഹൻ ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനവും കുച്ചിപ്പുടി, ഒഡീസി നൃത്തം എന്നിവയിൽ രണ്ടാം സ്ഥാനവും നേടി 19 പോയിന്റോടെയാണ് കലാതിലകമായത്.


മൂവാറ്റുപുഴ രണ്ടാർ വരിക്കമാക്കൽ വീട്ടിൽ പരേതനായ വി ആർ മോഹനന്റെയും സുരഭി മോഹനന്റെയും മകളാണ്. ഏക സഹോദരൻ അജയ് മോഹൻ ദുബായിലാണ്‌.

കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട എസ് വിഷ്ണു ആർഎൽവി കോളേജിലെ മൂന്നാം വർഷ ബിഎ ഭരതനാട്യം വിദ്യാർഥിയാണ്. കുച്ചിപ്പുടി, കേരള നടനം എന്നിവയിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നേടിയ വിഷ്ണുവിന് 13 പോയിന്റ്‌ ലഭിച്ചു. രണ്ടാം സ്ഥാനം നേടിയ നാടോടി നൃത്തം ഗ്രൂപ്പ് ടീമിലും വിഷ്ണു അംഗമായിരുന്നു. ആലപ്പുഴ ചേർത്തല ആലുങ്കൽ എ കെ സന്തോഷിന്റെയും റസിമോളുടെയും മകനാണ്.


സഞ്ജന ചന്ദ്രൻ 
നാലാമതും പ്രതിഭാതിലകം

എംജി സർവകലാശാല കലോത്സവത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നാലാം തവണയും പ്രതിഭാതിലകപ്പട്ടം കരസ്ഥമാക്കി സഞ്ജന ചന്ദ്രൻ. കുച്ചിപ്പുടി, ശാസ്ത്രീയസംഗീതം, ലളിതഗാനം എന്നിവയിൽ ഒന്നാംസ്ഥാനവും ഭരതനാട്യം, നാടോടിനൃത്തം എന്നിവയിൽ മൂന്നാംസ്ഥാനവും നേടിയാണ് പ്രതിഭാ തിലകമായത്. കോഴിക്കോട് സ്വദേശിനിയായ സഞ്ജന തേവര എസ്എച്ച് കോളേജിൽ ഒന്നാംവർഷ ബിഎ ഫ്രഞ്ച് വിദ്യാർഥിയാണ്. മലക്കോട്ടൈ വാലിബൻ എന്ന സിനിമയയിൽ അഭിനയിച്ചിട്ടുണ്ട്. നാട്യശാല സ്കൂൾ ഓഫ് ഡാൻസ്‌ ആർട്ടിസ്‌റ്റ്‌സ്‌ ഡയറക്ടർ സൂരജ് നായരാണ് ഗുരു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home