Deshabhimani

തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ നാളെ

വിജയമുറപ്പിച്ച്‌ എൽഡിഎഫ്‌

local bdy by electtion

അയ്യപ്പൻകാവിൽ നടന്ന കലാശക്കൊട്ടിൽ എൽഡിഎഫ് സ്ഥാനാർഥി പി കെ ഉസ്മാൻ

വെബ് ഡെസ്ക്

Published on Sep 27, 2026, 02:56 AM | 2 min read

കൊച്ചി


ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന നാലിടങ്ങളിലും എൽഡിഎഫ്‌ സ്ഥാനാർഥികളെ നെഞ്ചേറ്റി നാട്‌. വലതുപക്ഷ – വർഗീയ രാഷ്‌ട്രീയത്തിനെതിരെ വിധിയെഴുത്താകുന്ന തെരഞ്ഞെടുപ്പിൽ ബഹുദൂരം മുന്നിലെത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്കായി. വോട്ടഭ്യർഥിച്ച്‌ വീടുകളിലെത്തിയ സ്ഥാനാർഥികൾക്ക്‌ ആവേശകരമായ സ്വീകരണമാണ്‌ വോട്ടർമാർ നൽകിയത്‌. യുവജന – മഹിളാ സ്ക്വാഡുകളും പ്രചാരണത്തിൽ സജീവമായിരുന്നു. വിദ്യാർഥികളും എൽഡിഎഫ്‌ വിജയത്തിനായി രംഗത്തിറങ്ങി. ദിവസങ്ങൾ നീണ്ടുനിന്ന പരസ്യപ്രചാരണങ്ങൾക്ക്‌ വിരാമമിട്ടുള്ള കൊട്ടിക്കലാശവും എൽഡിഎഫ്‌ വിജയത്തിന്റെ വിളംബരമായി. നാല്‌ മാസത്തെ യുഡിഎഫ്‌ ഭരണത്തിനെതിരായ വികാരവും ജനങ്ങളിൽ ശക്തമാണ്‌. അപ്രഖ്യാപിത പവർകട്ടും ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയും സാധാരണക്കാരെ വലയ്ക്കുന്നു. വീടുകളിൽ എത്തിയിരുന്ന ക്ഷേമപെൻഷന്റെ വിതരണം അട്ടിമറിച്ച്‌ ബാങ്കുവഴിയാക്കാനുള്ള നീക്കവും സർക്കാരിനെതിരായ വിധിയെഴുത്താകുമെന്ന്‌ നാട്‌ സാക്ഷ്യപ്പെടുത്തുന്നു.


കൊച്ചി കോർപറേഷൻ അയ്യപ്പൻകാവ്‌ ഡിവിഷനിൽ എൽഡിഎഫിനായി മത്സരിക്കുന്നത്‌ പി കെ ഉസ്‌മാനാണ്‌. കോർപറേഷനിൽ കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതിയുടെ വികസന നേട്ടങ്ങളെ തകർത്ത യുഡിഎഫിനെതിരെ ശക്തമായ ജനവികാരമുണ്ട്‌. വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത്‌ കിഴക്ക്‌ വാർഡിൽ ലൈജു ജോസഫാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. ജനകീയത കൈമുതലാക്കിയ ലൈജുവിന്‌ വോട്ടർമാർ നൽകിയത്‌ ആവേശകരമായ സ്വീകരണമാണ്‌. പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഇ‍ൗസ്‌റ്റിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായ നീതു ജോയിഡിന്‌ ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ്‌ ലഭിച്ചത്‌.


പഞ്ചായത്തിലെ വികസന മുരടിപ്പിനും ഭരണസ്തംഭനത്തിനുമെതിരെയും ട്വന്റി 20യുടെ വർഗീയ–കോർപ്പറേറ്റ് രാഷ്‌ട്രീയത്തിനുമെതിരെ വിധിയെഴുതാനുള്ള തയ്യാറെടുപ്പിലാണ്‌ വോട്ടർമാർ. പാറക്കടവ്‌ പഞ്ചായത്തിലെ പുളിയനം തെക്ക്‌ വാർഡിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായ സുഗന്ധി ജോഷിയുടെ പ്രചാരണവും ആവേശമായി. നാടിനെ ചേർത്തുപിടിച്ച സ്ഥാനാർഥിയെ കൈവിടില്ലെന്ന്‌ വോട്ടർമാരും ഉറപ്പിക്കുന്നു. തിങ്കളാഴ്ചയാണ്‌ വോട്ടെടുപ്പ്‌. ചൊവ്വാഴ്‌ച ഫലമറിയാം.


Local body by-electionകൊച്ചി കോർപറേഷൻ അയ്യപ്പൻകാവ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി കെ ഉസ്മാന് 
സ്വീകരണം നൽകുന്നു


അയ്യപ്പൻകാവിൽ കലാശക്കൊട്ട്‌


കൊച്ചി


കൊച്ചി കോർപറേഷൻ അയ്യപ്പൻകാവ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി കെ ഉസ്മാന്റെ പരസ്യപ്രചാരണം ആവേശത്തിരകളുയർത്തി കാൽനട ജാഥയോടെ സമാപിച്ചു. തൊഴിലാളികളും യുവജനങ്ങളും സ്‌ത്രീകളും വിദ്യാർഥികളുമെല്ലാം പി കെ ഉസ്‌മാന്റെ ചിത്രമുള്ള പ്ലക്കാർഡുകളും കട്ടൗട്ടുകളുമേന്തി റാലിയിൽ അണിചേർന്നു.


എസ്ആർഎം റോഡിൽ നിന്നും ആരംഭിച്ച റാലി ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഉജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി അയ്യപ്പൻകാവ് ജങ്ഷനിൽ സമാപിച്ചു.

സ്ഥാനാർഥി പി കെ ഉസ്‌മാൻ, സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി, ജില്ലാ കമ്മിറ്റി അംഗം കെ വി മനോജ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് വി എ ശ്രീജിത്ത്, സിപിഐ മണ്ഡലം സെക്രട്ടറി സി എ ഷക്കീർ, എൽഡിഎഫ് കൺവീനർ കുമ്പളം രവി, എൻസിപി (എസ്) സംസ്ഥാന സെക്രട്ടറി കുര്യൻ എബ്രഹാം, ആർജെഡി നേതാവ് എ ശ്രീധരൻ, പി എൻ സിനുലാൽ, പി ആർ റെനീഷ്, സോജൻ ആന്റണി, ടി മായാദേവി, വിനോദ് മാത്യു, വി വി പ്രവീൺ തുടങ്ങിയവർ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു. തിങ്കളാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home