മഴക്കാലപൂർവ ശുചീകരണം
തൃപ്പൂണിത്തുറ നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ എൽഡിഎഫ് പ്രതിഷേധം

തൃപ്പൂണിത്തുറ നഗരസഭയിലേക്ക് സിപിഐ എം സംഘടിപ്പിച്ച മാർച്ച് ഏരിയ സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്താത്ത ബിജെപി ഭരണസമിതിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ നഗരസഭാ ഓഫീസിനുമുന്നിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു.
പുതിയ ബസ്‌സ്‌റ്റാൻഡിൽനിന്ന് ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എസ് മധുസൂദനൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരൻ, എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് കെ ടി അഖിൽദാസ്, ഇ എസ് രാകേഷ് പൈ, ഷിനി ജയകുമാർ, കെ ജെ ജോഷി, യു കെ പീതാംബരൻ, ഐ എ രാജേഷ്, എൻ പി ബോബി, ബി ഹരികുമാർ എന്നിവർ സംസാരിച്ചു.
കാനകൾ ശുചീകരിക്കാത്തതിനാൽ മഴ പെയ്തതോടെ മലിനജലം റോഡിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും ഒഴുകുകയാണ്. ഹരിതകർമസേന അംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ ചാക്കിൽക്കെട്ടി റോഡരികിൽ കൂട്ടിയിരിക്കുന്ന കാഴ്ച പതിവായി. തൊഴിലുറപ്പ് തൊഴിലാളികളെ മഴക്കാലപൂർവ ശുചീകരണത്തിനിറക്കാൻ കഴിയാത്തതും ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി നൽകാത്തതും പ്രതിസന്ധി രൂക്ഷമാക്കി.
കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി മാലിന്യ നിർമാർജനത്തിന് ഏർപ്പെടുത്തിയ എംസിഎഫ് ഉൾപ്പെടെയുള്ള സംവിധാനങ്ങളെ തകർത്തതാണ് ദുരവസ്ഥയ്‌ക്ക് കാരണമായതെന്ന് പി വാസുദേവൻ പറഞ്ഞു. നഗരസഭ പണം അടയ്‌ക്കാത്തതോടെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട 56 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം മുടങ്ങി. ഡ്രൈവർമാർ ഇല്ലാത്തതിനാൽ ആംബുലൻസുകൾ ഓടുന്നില്ല. ബിജെപി നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സിപിഐ എം നേതാക്കൾ അറിയിച്ചു.










0 comments