ഇലഞ്ഞിയിൽ മണ്ണിടിച്ചിൽ

ഇലഞ്ഞി പഞ്ചായത്തിലെ ഉരുളിച്ചാൽ ഉന്നതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിൽ
കൂത്താട്ടുകുളം
ഇലഞ്ഞി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഉരുളിച്ചാൽ ഉന്നതി പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ. ശനി വൈകിട്ട് 5.15-നാണ് സംഭവം. മുത്തുപൊതിക്കൽ ഓമന, മുത്തുപൊതിക്കൽ ബെന്നി ജോസഫ് എന്നിവരുടെ വീടുകൾക്ക് സമീപമാണ് മലവെള്ളപ്പാച്ചിലിനൊപ്പം വൻതോതിൽ മണ്ണിടിഞ്ഞുവീണത്.
അപകടത്തിൽ ഇവരുടേതുൾപ്പെടെ പ്രദേശത്തെ പ്രധാന യാത്രാവഴികൾ പൂർണമായും ഒലിച്ചുപോയി. പ്രദേശത്ത് താമസിക്കുന്ന 21 കുടുംബങ്ങൾ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. നാല് പതിറ്റാണ്ട് മുൻപ് പൊതുമരാമത്ത് റോഡ് വികസനത്തിന്റെ ഭാഗമായി മാറ്റിപ്പാർപ്പിച്ച നിർധന കുടുംബങ്ങളാണ് ഈ ചെങ്കുത്തായ മലഞ്ചെരുവിൽ കഴിയുന്നത്. ദുർഘടമായ ഭൂപ്രകൃതി നിലനിൽക്കുന്ന ഇവിടെ ഓരോ മഴക്കാലവും കടുത്ത ആശങ്കയോടെയാണ് നാട്ടുകാർ തള്ളിനീക്കുന്നത്.
കഴിഞ്ഞ മാസവും സമീപത്തെ മറ്റൊരു വീടിനോട് ചേർന്ന് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. പഞ്ചായത്ത് ഭരണസമിതിയും വില്ലേജ് ഓഫീസറും സ്ഥലം സന്ദർശിച്ച് പ്രദേശം മനുഷ്യവാസത്തിന് യോഗ്യമല്ലെന്ന് റിപ്പോർട്ട് നൽകി മടങ്ങി. ഇവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനായി തഹസിൽദാരുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അധികൃതർ. വഴികൾ പൂർണമായി തകർന്നതോടെ അത്യാഹിത ഘട്ടങ്ങളിൽപോലും രോഗികളെ ആശുപത്രിയിലെത്തിക്കാനോ അവശ്യവസ്തുക്കൾ എത്തിക്കാനോ സാധിക്കാത്ത ദുരിതത്തിലാണ് പ്രദേശവാസികൾ. റവന്യൂ -ദുരന്തനിവാരണ വിഭാഗങ്ങൾ എത്രയും വേഗം സ്ഥലത്തെത്തി അടിയന്തര സുരക്ഷാ നടപടികളും പുനരധിവാസവും ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments