ഒന്പതാംവാർഡ് ഉപതെരഞ്ഞെടുപ്പ്
നാടിന്റെ മനസ്സറിയുന്ന ലൈജു ജോസഫ് വിജയത്തേരിൽ

എൽഡിഎഫ് സ്ഥാനാർഥി ലൈജു ജോസഫ് വോട്ടഭ്യർഥിക്കുന്നു

സ്വന്തം ലേഖകൻ
Published on Sep 26, 2026, 02:59 AM | 1 min read
പറവൂർ
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വടക്കേക്കര പഞ്ചായത്ത് വാർഡ് ഒമ്പത് മടപ്ലാതുരുത്ത് കിഴക്ക് വാർഡിലെ വോട്ടർമാരിൽ സർവ സ്വീകാര്യനായി എൽഡിഎഫ് സ്ഥാനാർഥി ലൈജു ജോസഫ്. മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ 100 ദിവസംകൊണ്ട് അടിച്ചേൽപ്പിച്ച ജനവിരുദ്ധ നടപടികൾ നാട്ടിലെങ്ങും ചർച്ചയാണ്.
നാട്ടിൽനിന്ന് മുഖ്യമന്ത്രിയുണ്ടായിട്ടും രാത്രിയോ പകലെന്നോ വ്യത്യാസമില്ലാതെ പവർകട്ട് ഉണ്ടാകുന്നത് വീട്ടുകാർക്ക് മാത്രമല്ല വ്യാപാരികളെയും ഏറെ വലയ്‌ക്കുകയാണ്. യുഡിഎഫ് ഭരണത്തിൽ അഴിമതിയും ധൂർത്തും വ്യാപിച്ചതും സജീവ ചർച്ചയാണ്.
മാസാമാസം കൈയിലെത്തിയിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ യുഡിഎഫ് വന്നതോടെ ഇനി സ്വന്തം കൈകളിലേക്കില്ല എന്ന തിരിച്ചറിവും മുതിർന്ന വോട്ടർമാരിൽ ശക്തം. മാസം 1000 രൂപ സ്ത്രീസുരക്ഷാ പെൻഷനായി കിട്ടിയിരുന്ന മറ്റു വരുമാനമൊന്നുമില്ലാത്ത വാർഡിലെ വീട്ടമ്മമാരും ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്നുറപ്പ്.
ജനങ്ങൾക്കുമേൽ ബോധപൂർവം അടിച്ചേൽപ്പിച്ച ഉപതെരഞ്ഞെടുപ്പായതിനാൽ കോൺഗ്രസിനോടുള്ള രോഷം ചെറുതല്ല. വിദേശത്ത് ജോലി ഉറപ്പിച്ചിരുന്നയാളെ സ്ഥാനാർഥിയാക്കി കോൺഗ്രസ് വിജയിപ്പിച്ചെങ്കിലും ഫലം വന്ന് ഒരു മാസത്തിനകം രാജിവച്ച് വിദേശത്തേക്ക് പോയത് ജനങ്ങൾ മറന്നിട്ടില്ല. രണ്ട് പതിറ്റാണ്ടായി പൊതുപ്രവർത്തനത്തിൽ സജീവമായ ലൈജു ജോസഫിന്റെ സൗമ്യമായ പെരുമാറ്റവും ജനപ്രതിനിധിയെന്ന നിലയിലുള്ള അർപ്പണബോധവും വാർഡിലെ മുഴുവൻപേർക്കും സുപരിചിതം.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന ലൈജു ജോസഫ് ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും നാട്ടിൽ ചർച്ചയാണ്. 2018ലെ പ്രളയത്തിൽ വടക്കേക്കര പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളും വെള്ളത്തിനടിയിലായ ഘട്ടത്തിൽ ഇആർടി വളന്റിയറായി മനുഷ്യജീവന് സംരക്ഷണമേകാൻ ലൈജു ജോസഫ് മുന്നിൽനിന്നത് നാട് മറന്നിട്ടില്ല. കോവിഡിന്റെ നാളുകളിലും ജീവൻ പണയംവച്ച് കർമനിരതനായ ലൈജു സേവനരംഗത്ത് എന്നും സജീവമാണ്. കനിവ് പാലിയേറ്റീവ് കെയറിന്റെ വളന്റിയറായും, വടക്കേക്കര സഹകരണ ബാങ്കിന്റെ ഡയറക്ടറായും ജനങ്ങൾക്കിടയിലുള്ള ലൈജു ജോസഫിന്റെ വിജയത്തിൽ വാർഡിലെ ജനങ്ങൾക്ക് സംശയമില്ല.
പഞ്ചായത്തിന്റെ രൂപീകരണനാൾമുതൽ കൂടുതൽക്കാലവും അധികാരത്തിലിരുന്ന എൽഡിഎഫ് ഭരണസമിതി നടപ്പാക്കിവരുന്ന വികസനപ്രവർത്തനങ്ങൾ വോട്ടർമാർ തിരിച്ചറിയുന്നതും എൽഡിഎഫിന്റെ വിജയപ്രതീക്ഷയ്‌ക്ക് തിളക്കമേകുന്നു.









0 comments