കൊച്ചി കോർപറേഷൻ പരിധിയിൽ 2 കൗണ്ടറും തൃക്കാക്കര, തിരുവാണിയൂർ എന്നിവിടങ്ങളിൽ ഓരോന്നുവീതവുമാണ് തുടങ്ങുന്നത്
ജില്ലയിൽ നാലിടത്ത് കുടുംബശ്രീ മീറ്റ് പോയിന്റ് ടേക് എവേ കൗണ്ടർ

file photo
എസ് ശ്രീലക്ഷ്‌മി
Published on Dec 17, 2025, 03:00 AM | 1 min read
കൊച്ചി
ഭക്ഷ്യരംഗത്ത് മികച്ച മാതൃകകൾ നടപ്പാക്കിയ കുടുംബശ്രീ പുതിയ ചുവടുവയ്‌പിലേക്ക്, മീറ്റ് പോയിന്റ് ടേക് എവേ കൗണ്ടർ. ഒരേ മാതൃകയിൽ രുചികരമായ ഭക്ഷ്യവിഭവങ്ങൾ ലഭിക്കുന്ന 50 ടേക് എവേ കൗണ്ടറുകളാണ് സംസ്ഥാനത്താകെ ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. ഇതിൽ നാലെണ്ണം ജില്ലയിലാണ്. കൊച്ചി കോർപറേഷൻ പരിധിയിൽ രണ്ടും തൃക്കാക്കര, തിരുവാണിയൂർ എന്നിവിടങ്ങളിൽ ഓരോ കൗണ്ടറുമാണ് തുടങ്ങുക.
ഗുണമേന്മയുള്ളതും സ്വാദിഷ്ടവുമായ പ്രഭാത–രാത്രി ഭക്ഷണങ്ങളും കുടുംബശ്രീ കേരള ചിക്കൻ ഉപയോഗിച്ചുള്ള വിഭവങ്ങളും ലഭിക്കും. ഇവിടെ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാകില്ല. പാഴ്‌സൽമാത്രമാണുണ്ടാകുക. ചായ, ലഘുഭക്ഷണം എന്നിവയും കൗണ്ടറുകളിൽ ലഭിക്കും. കേരള ചിക്കന്റെ ഫ്രോസൺ ചിക്കനും ലഭ്യമാക്കും.
ജോലിക്കുപോകുന്നവർക്കും ഭക്ഷണം പാകംചെയ്യാൻ സമയക്കുറവുള്ളവർക്കുമെല്ലാം ആശ്വാസമാകുന്നതാകും ടേക് എവേ കൗണ്ടറുകൾ. കുറഞ്ഞ ചെലവിൽ വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങാനാകും. ഓൺലൈൻ വിതരണക്കാരുമായി കൈകോർത്ത് ഭക്ഷണം വീടുകളിലേക്ക് എത്തിക്കുന്നതും ലക്ഷ്യമിടുന്നുണ്ട്. കൗണ്ടറുകൾ തുടങ്ങാനും ബ്രാൻഡിങ്ങിനുമായി 75,000 രൂപവരെ സാമ്പത്തികസഹായം നൽകും. മറ്റ് വായ്‌പകളും ലഭിക്കും. ജില്ലയിലെ സിഡിഎസുകളിൽനിന്ന് കുടുംബശ്രീ ജില്ലാ മിഷനാണ് മീറ്റ് പോയിന്റ് തുടങ്ങാനുള്ള സംരംഭകരെ തെരഞ്ഞെടുത്തത്.
ജില്ലയിൽനിന്ന് എട്ടുപേർ കൊല്ലത്ത് നടക്കുന്ന സംസ്ഥാന പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനും ഉൽപ്പന്നങ്ങളുടെ വിപണിസാധ്യത വർധിപ്പിക്കാനും സഹായിക്കുന്നതാകും മീറ്റ് പോയിന്റ് ടേക്‌എവേ കൗണ്ടറുകൾ.










0 comments