വേനലവധി ആഘോഷമാക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം
ഉല്ലാസയാത്രകൾ "വൈറൽ ഹിറ്റ്'


സ്വന്തം ലേഖകൻ
Published on Apr 13, 2026, 02:30 AM | 2 min read
കൊച്ചി
അവധിക്കാലം കുടുംബത്തോടൊപ്പം ആഘോഷമാക്കാൻ വമ്പൻ പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ‘പോക്കറ്റുകീറാതെ’ നാടുചുറ്റാൻ ഒരുക്കിയിരിക്കുന്ന ഉല്ലാസയാത്രകൾ ഇതിനോടകംതന്നെ ജനങ്ങൾ ഏറ്റെടുത്തു. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിലാണ് യാത്രകൾ. ഏപ്രിലിൽ ജില്ലയിലെ എല്ലാ ഡിപ്പോകളിൽനിന്നും വിവിധ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. എറണാകുളം യൂണിറ്റിൽനിന്ന് മാസം 40–45 ട്രിപ്പുകൾവരെ നടത്തുന്നുണ്ട്. 14–15 ലക്ഷം രൂപവരെയാണ് ശരാശരി മാസവരുമാനം.
ഇടുക്കിയുടെ കുളിരുതേടി
പച്ചവിരിപ്പിട്ട മലനിരകളിൽ തട്ടുതട്ടായുള്ള തേയിലക്കാടുകൾ, വേനലിലും കുളിരുപുതപ്പിക്കും കോടമഞ്ഞ്, ജലപാതങ്ങൾ, അണക്കെട്ടുകൾ, കൊടുമുടികൾ- ഇവയെല്ലാം ആസ്വദിച്ചുള്ള ഇടുക്കിയുടെ ‘ഹൈറേഞ്ച്’ യാത്രകളാണ് ‘ഫാൻ ഫേവറൈറ്റ്’. എറണാകുളത്തുനിന്ന് ചൊവ്വാഴ്‌ച പുറപ്പെടുന്ന മൂന്നാർ–വട്ടവട ട്രിപ്പിന് 770 രൂപയാണ് നിരക്ക്. 25നും ഇതേ ട്രിപ്പുണ്ട്. 1410 രൂപ മുടക്കിയാൽ അതേദിവസം മൂന്നാർ–മറയൂർ-–കാന്തല്ലൂർ പോയ്‌വരാം. ഉച്ചഭക്ഷണവും ജീപ് സവാരിയും ഉൾപ്പെടെയാണിത്.
വിഷുദിനത്തിലും 26നും ഇടുക്കി–രാമക്കൽമേട് ട്രിപ്പും ആസൂത്രണം ചെയ്‌തിട്ടുണ്ട്. 670 രൂപയാണ് നിരക്ക്. 18ന് വാഗമൺ–പരുന്തുംപാറ (ഉച്ചഭക്ഷണം ഉൾപ്പെടെ 760 രൂപ), 19ന് മൂന്നാർ–ചതുരംഗപ്പാറ (670 രൂപ), 26ന് മാമലക്കണ്ടം–മൂന്നാർ (ഉച്ചഭക്ഷണം ഉൾപ്പെടെ 830 രൂപ) എന്നീ ട്രിപ്പുകളും ആസൂത്രണം ചെയ്‌തിട്ടുണ്ട്.
ഏപ്രിൽ 30-ന് എസി ബസിലുള്ള ‘ഗോവ എക്സ്പ്ലോർ’ സ്‌പെഷ്യൽ ട്രിപ്പ് ആസൂത്രണംചെയ്‌തിട്ടുണ്ട്. നാലുദിവസം നീളുന്ന പാക്കേജിന് 9500 രൂപയാണ് നിരക്ക്. ഭക്ഷണവും താമസവും ഉൾപ്പെടെയാണിത്. എല്ലാ യാത്രകളും ബുക്ക് ചെയ്യാനായി കോ–ഓർഡിനേറ്റർമാരുമായി ബന്ധപ്പെടണം. ഫോൺ:- 9496800024, -9656197395, 8289905075.
കായൽക്കാഴ്ചകൾമുതൽ വനയാത്രകൾവരെ
ജലാശയങ്ങളുടെ ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി 18-ന് ആലപ്പുഴ ഹൗസ്ബോട്ട് യാത്ര ഒരുക്കിയിട്ടുണ്ട്. 1360 രൂപയാണ് നിരക്ക്. ഉച്ചഭക്ഷണവും ചായയും ഉൾപ്പെടും. 22-ന് കൊല്ലം-–മൺട്രോത്തുരുത്ത്–-സാമ്പ്രാണിക്കോടി പാക്കേജും (1990 രൂപ) ഒരുക്കിയിട്ടുണ്ട്.
640 രൂപ മുടക്കിയാൽ 15ന് മലക്കപ്പാറ പോയ്‌വരാം. 16ന് ആസൂത്രണംചെയ്‌തിട്ടുള്ള മുത്തങ്ങ വനത്തിലേക്കുള്ള രാത്രിയാത്രയും ജീപ്പ് സവാരിയും ഭക്ഷണവും താമസവുമുൾപ്പെടെയുള്ള വയനാട് ട്രിപ്പിന് 3860 രൂപയാണ് നിരക്ക്. 18ന് ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള തീർഥാടനയാത്രയ്‌ക്ക് 480 രൂപയാണ്. ദശാവതാര ദർശനമുൾപ്പെട്ട കോഴിക്കോട് ട്രിപ്പ് 19ന് നടക്കും. 1430 രൂപയാണ് നിരക്ക്. 25ന് പുറപ്പെടുന്ന റോസ്‌മല–തെന്മല ട്രിപ്പിന് 1350 രൂപയാണ് നിരക്ക്.










0 comments