റോഡ് ലൈറ്റ്നിങ് സിസ്റ്റത്തിന് 65 ലക്ഷം അനുവദിച്ചു

കോതമംഗലം
തങ്കളം –കോഴിപ്പിള്ളി ബൈപാസ് ആദ്യറീച്ചിൽ റോഡ് ലൈറ്റനിങ് സിസ്റ്റം സ്ഥാപിക്കുന്നതിന് എംഎൽഎ ആസ്തിവികസന ഫണ്ടിൽനിന്ന് 65 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നിർമാണം പൂർത്തീകരിച്ച തങ്കളം കോഴിപ്പിള്ളി ബൈപാസിലെ ആദ്യറീച്ചായ തങ്കളംമുതൽ കല ഓഡിറ്റോറിയംവരെയുള്ള ബൈപാസ് റോഡിൽ ആവശ്യമായ വെളിച്ചസൗകര്യം ഒരുക്കുന്നതിനുവേണ്ടി ഇരുവശങ്ങളിലുമായി 60 വാട്ടിന്റെ 73 എൽഇഡി ലൈറ്റുകളാണ് സ്ഥാപിക്കുന്നത്.
റോഡ് നിർമാണം പൂർത്തിയായതോടുകൂടി രാത്രി–പകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് പാതയിലൂടെ കടന്നുപോകുന്നത്. എന്നാൽ, രാത്രിയായാൽ റോഡിൽ വെളിച്ചം ഇല്ലാത്തതുമൂലം പലപ്പോഴും വലിയ അപകടസാധ്യതയും നിലനിന്നിരുന്നു. അതോടൊപ്പംതന്നെ സമീപപ്രദേശങ്ങളിലെ നാട്ടുകാർക്കും ആരാധനാലയങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും ബുദ്ധിമുട്ട് നേരിട്ടിരുന്നു. റോഡിന്റെ നടപ്പാത നിലവിൽ നിരവധിപേരാണ് പ്രഭാത–സായാഹ്ന സവാരിക്കായി ഉപയോഗിക്കുന്നത്. വെളിച്ചമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തിൽ പൂർത്തീകരിച്ച് കണക്‌ഷൻ ലഭ്യമാക്കി ലൈറ്റുകൾ പ്രവർത്തനസജ്ജമാക്കുമെന്ന് എംഎൽഎ പറഞ്ഞു.










0 comments