ബിനാലെ സാഹിത്യ സമ്മേളനം
എഴുത്ത് ഒരു അധികാരപ്രയോഗമാണ് : സാറാ ജോസഫ്

കൊച്ചി
എഴുത്തെന്നത് ഒരുതരത്തില്‍ അധികാരപ്രയോഗമാണെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിച്ച "ഷോർട്ട് സ്റ്റോറീസ്, ലോങ് ഷാഡോസ്: കണ്ടംപററി മലയാളം വോയ്‌സസ്' എന്ന സാഹിത്യസമ്മേളനത്തില്‍ എഴുത്തുകാരി സംഗീത ശ്രീനിവാസനുമായി സംസാരിക്കുകയായിരുന്നു അവർ.
സാഹിത്യരൂപങ്ങൾ, ഭാഷ, ആഖ്യാനത്തിലെ കൃത്യത എന്നിവയെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളാണ് രണ്ടാംദിനത്തിൽ നടന്നത്. മാറിവരുന്ന സാഹിത്യരീതികള്‍ സര്‍ഗാത്മകപ്രക്രിയ, സമകാലിക എഴുത്തിനെ രൂപപ്പെടുത്തുന്ന സാമൂഹികചുറ്റുപാടുകള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ഇരുവരും സംസാരിച്ചത്. തന്റെ കഥകൾ പലപ്പോഴും ദൃശ്യത്തിൽനിന്നോ മാനസികമായ "ഫ്രെയിമിൽ' നിന്നോ ആണ് ഉത്ഭവിക്കുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു. ‘തൂങ്ങിക്കിടക്കുന്ന ജാലകം' എന്ന കഥ ജനൽ തൂങ്ങിക്കിടക്കുന്ന ഒരു കാഴ്ചയിൽനിന്നും ‘അമരവള്ളി' എന്ന കഥ ചെറിയ വീടിന്റെ മുറ്റത്ത് പൂത്തുനിന്ന അമരവള്ളി ചെടിയുടെ കാഴ്ചയിൽനിന്നുമാണ് ഉണ്ടായത്. എഴുത്ത് എന്നത് അടിസ്ഥാനപരമായി അധികാരപ്രയോഗമാണെന്നും, ആ അധികാരം പുരുഷന്മാരുടെ കൈകളിലാകുമ്പോൾ സ്ത്രീകൾക്ക് തങ്ങളുടേതായ ചെറിയ ഇടങ്ങൾക്കായി തുടക്കംമുതൽക്കേ പോരാടേണ്ടിവരുന്നുണ്ടെന്നും സാറാ ജോസഫ് പറഞ്ഞു.
തുടർന്ന് നടന്ന "രൂപം, ഭാഷ, കൃത്യത’ എന്ന പാനൽചർച്ചയിൽ എം നന്ദകുമാർ, ആർ ശ്യാംകൃഷ്ണൻ, ആഷ് അഷിത എന്നിവർ പങ്കെടുത്തു. പ്രിയ കെ നായർ മോഡറേറ്ററായി.










0 comments