ad
Deshabhimani

നാളെ മുഖ്യമന്ത്രി 
ഉദ്‌ഘാടനംചെയ്യും

print edition ബിനാലെ നിറമണിഞ്ഞ്‌ കൊച്ചി

Kochi Muziris Biennale 2025

കൊച്ചി ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരിയിൽ ഇടം ഗാലറിക്കുപുറത്ത് ഒരുങ്ങുന്ന കൂറ്റൻ ചുവരിൽ പൂർത്തിയാകുന്ന ചിത്രം

avatar
Sports Desk

Published on Dec 11, 2025, 03:01 AM | 2 min read


കൊച്ചി

തദ്ദേശതെരഞ്ഞെടുപ്പിന്റെ ആവരവങ്ങളൊഴിഞ്ഞ തുറമുഖനഗരം കൊച്ചി മുസിരിസ്‌ ബിനാലെയുടെ ആഘോഷങ്ങളിലേക്ക്‌. മൂന്നുവർഷത്തെ ഇടവേളയ്‌ക്ക്‌ വിരാമമിട്ട്‌ എത്തുന്ന ആറാംപതിപ്പ്‌ പ്രദർശനത്തിന്റെ വിളംബരം പശ്ചിമകൊച്ചിയുടെ തെരുവുനീളെ കൺതുറന്നു. ചിത്രമെഴുത്തിന്റെ മനോഹാരിത വാരിയണിഞ്ഞ്‌ മതിലുകളും കെട്ടിടങ്ങളും. പുരാതന പാണ്ടികശാലകൾ ഉൾപ്പെടെ എടുപ്പുകൾ വൈവിധ്യമാർന്ന കലാപ്രദർശനത്തിന്‌ വേദികളായി ചമഞ്ഞൊരുങ്ങുന്നു. വിദേശികൾ ഉൾപ്പെടെ വിനോദസഞ്ചാരികളുടെ തിരക്കിലായ പശ്ചിമകൊച്ചിയിലെ വഴികളെല്ലാം ലോകോത്തര കലാവിരുന്നൊരുക്കി കാത്തിരിക്കുന്ന ഗാലറികളിലേക്ക്‌.


​‘ഫോർ ദി ടൈം 
ബീയിങ്’

വെള്ളി വൈകിട്ട്‌ 6ന്‌ ഫോർട്ട്‌കൊച്ചി പരേഡ്‌ ഗ്ര‍ൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്‌ഘാടനംചെയ്യും. 2026 മാർച്ച്‌ 30 വരെ 109 ദിവസമാണ്‌ പ്രദർശനം. ‘ഫോർ ദി ടൈം ബീയിങ്’ എന്നാണ്‌ ആറാംപതിപ്പ്‌ പ്രദർശനത്തിന്‌ പേര്‌. 25 രാജ്യങ്ങളിൽനിന്നുൾപ്പെടെ 66 കലാകാരന്മാരുടെ സൃഷ്‌ടികളുണ്ടാകും. നിഖിൽ ചോപ്രയും ഗോവയിലെ എച്ച്‌എച്ച്‌ ആർട്ട്‌ സ്‌പേസുമാണ്‌ ആറാംപതിപ്പ്‌ പ്രദർശനം ക്യുറേറ്റ്‌ ചെയ്‌തിട്ടുള്ളത്‌.


​പുതുമയോടെ 
പ്രധാനവേദി

പ്രധാന പ്രദർശനകേന്ദ്രമായ ആസ്‌പിൻവാൾ ഹ‍ൗസിന്റെ കയർ ഗോഡ‍ൗണും ഡയറക്‌ടേഴ്‌സ്‌ ബംഗ്ലാവും മാത്രമാണ്‌ ഇക്കുറി ബിനാലെയുടെ ഭാഗമായുള്ളത്‌. അവിടെ കലാസൃഷ്‌ടികൾ ഒരുക്കലും വിവിധ ഇൻസ്‌റ്റലേഷനുകൾ സ്ഥാപിക്കലും തകൃതിയായി നടക്കുന്നു. പശ്ചിമബംഗാളിലെ പഞ്ചേരി ആർടിസ്‌റ്റ്‌സ്‌ യൂണിയനിലെ 14 അംഗ കലാകാര സംഘം ഇവിടെ കലാസൃഷികൾ ഒരുക്കുന്ന തിരക്കിലാണ്‌. അനുപം റോയിയുടെ നേതൃത്വത്തിൽ വ്യത്യസ്‌തങ്ങളായ മാധ്യമങ്ങളിലാണ്‌ ഇതൊരുങ്ങുന്നത്‌. ആസ്‌പിൻവാൾ ഹ‍ൗസിന്റെ വിശാലമായ ഓടുമേഞ്ഞ മേൽക്കൂര മുഴുവൻ മെടഞ്ഞ ഓല നിരത്തി കെട്ടിലും മട്ടിലും രൂപാന്തരപ്പെടുത്തി. പവിലിയന്റെ നിർമാണവും നടക്കുന്നു.


art


​കൂടുതൽ 
ഗാലറികൾ

മുൻപതിപ്പുകളെ അപേക്ഷിച്ച്‌ മട്ടാഞ്ചേരിയിലും ഫോർട്ട്‌ കൊച്ചിയിലുമായി കൂടുതൽ ഗാലറികൾ ആറാംപതിപ്പിലുണ്ടെന്നതാണ്‌ പ്രത്യേകത. 29 പ്രദർശനകേന്ദ്രങ്ങളിൽ പശ്ചിമകൊച്ചിയിൽ മാത്രമായി 13 പുതിയ ഗാലറികളുണ്ട്‌. ജയിൽ ഓഫ്‌ ഫ്രീഡം സ്‌ട്രഗിൾ, സിമി വെയർഹ‍ൗസ്‌, ഫോർട്ട്‌ കൊച്ചിയിലെ പഴയ സ്‌പെൻസർ ഹോം അർധശില, ബാസ്‌റ്റിൻ ബംഗ്ലാവ്‌, ജലമെട്രോ ടെർമിനൽ, മട്ടാഞ്ചേരിയിലെ ദേവസി ജോസ്‌ ആൻഡ്‌ സൺസ്‌, എസ്‌എംഎസ്‌ ഹാൾ, 111 മർകസ്‌ ആൻഡ്‌ കഫോ, ഇന്ത്യൻ ചേംബർ ഓഫ്‌ കൊമേഴ്‌സ്‌ സ്‌പേസ്‌, ബിഎംഎസ്‌ വെയർഹ‍ൗസ്‌, ഐലൻഡ്‌ വെയർഹ‍ൗസ്‌, സെന്റ്‌ ആൻഡ്രൂസ്‌ പാരിഷ്‌ ഹാൾ, ക്യൂബ്‌ ആർട്ട്‌ സ്‌പേസ്‌ എന്നിവയാണത്‌.


മലയാളത്തിന്റെ ‘ഇടം’

കേരളത്തിലെ 36 കലാകാരൻമാരുടെ സൃഷ്ടികള്‍ പ്രദർശിപ്പിക്കുന്ന ‘ഇടം’ മൂന്ന്‌ വേദികളിലാണ്‌. പ്രധാന വേദിയായ മട്ടാഞ്ചേരിയിലെ വല്ലഭാസ്‌ കാഞ്ചി ലിമിറ്റഡിൽ പൂർത്തിയാകുന്ന കൂറ്റൻ ചുവർചിത്രാമണ്‌ സന്ദർശകരെ വരവേൽക്കുക. അഞ്ചുവേദികളിലായുള്ള സ്റ്റുഡന്റ്‌സ് ബിനാലെയിൽ രാജ്യത്തെ 150 കലാവിദ്യാലയങ്ങളിലെ 70 കലാസൃഷ്ടികൾ പ്രദർശിപ്പിക്കും. ഡേവിഡ്‌ ഹാളിലും ഫോർട്ട്‌ കൊച്ചി ജലമെട്രോ ടെർമിനലിലുമാണ്‌ ‘ആർട്ട് ബൈ ചിൽഡ്രൻ’ (എബിസി) പ്രദർശനവും ശിൽപ്പശാലകളും.


ചിത്രകാരൻ ബോസ്‌ കൃഷ്‌ണമാചാരി പ്രസിഡന്റായ കൊച്ചി മുസിരിസ്‌ ബിനാലെ ഫ‍ൗണ്ടേഷന്റെ നേതൃത്വത്തിൽ 2012 ഡിസംബർ 12 നാണ്‌ ആദ്യപതിപ്പ്‌ പ്രദർശനം നടന്നത്‌. കോവിഡിനെ തുടർന്ന്‌ 2020ൽ മുടങ്ങി. 2022 ലായിരുന്നു അഞ്ചാംപതിപ്പ്‌ പ്രദർശനം. സാങ്കേതിക കാരണങ്ങളാൽ 2024ൽ മുടങ്ങിയ ആറാംപതിപ്പാണ്‌ ഇ‍ൗ വർഷം നടക്കുന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home