സുസ്ഥിര നഗര ഗതാഗതം: കൊച്ചി മെട്രോയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ധാരണാപത്രം ഒപ്പിട്ടു

കൊച്ചി : സുസ്ഥിര നഗര ഗതാഗതവും പൊതു ഗതാഗത സംവിധാനങ്ങളും ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും (ഐഐഎസ്‌സി) ധാരണാപത്രം ഒപ്പുവച്ചു. ബഹുമുഖ നഗര ഗതാഗത സംവിധാനങ്ങൾ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുന്ന കെഎംആർഎല്ലിന്റെ പ്രായോഗിക പരിചയവും, ഡാറ്റയെ ആധാരമാക്കിയ ആധുനിക ഗവേഷണ രംഗത്തെ ഐഐഎസ്‌സിയുടെ വൈദഗ്ധ്യവും ഒരുമിച്ച് ഉപയോഗപ്പെടുത്തുകയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. സുസ്ഥിര ഗതാഗത ആസൂത്രണം, ഗതാഗത പ്രവർത്തനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക്‌ചെയിൻ, സിമുലേഷൻ മോഡലിംഗ്, തുടങ്ങിയ നവീന സാങ്കേതികവിദ്യകളുടെ പ്രയോഗം എന്നിവയാണ് സഹകരണത്തിന്റെ പ്രധാന മേഖലകൾ.
ധാരണാപത്രത്തിന്റെ ഭാഗമായി പ്രായോഗിക ഗവേഷണ പദ്ധതികൾ, അപൂർവ ഡാറ്റാസെറ്റുകളുടെ വികസനം, വിദ്യാർത്ഥികൾക്കായുള്ള ഗവേഷണ സഹകരണം, ശേഷിവികസന പരിപാടികൾ എന്നിവയും നടപ്പാക്കും. പൊതുഗതാഗതം, കാൽ നടപ്പാത, സൈക്ലിംഗ് തുടങ്ങിയ സുസ്ഥിര ഗതാഗത മാർഗങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയും സ്വകാര്യ വാഹന ആശ്രയം കുറയ്ക്കുകയും ചെയ്യുന്ന ദീർഘകാല ഗതാഗത ആസൂത്രണത്തിന് ഈ സഹകരണം വഴിയൊരുക്കും.










0 comments