ഡെറിക് പാടി.....
കേരള, യൂ ഗോട്ട് എ ഹോൾഡ് ഓൺ മീ

നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കൽപ്പിക കഥാപാത്രം ഡെറിക്ക് കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നു. കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി ഈതൻ ജോൺ റിജിന്റെ 'എന്റെ സ്വന്തം നാട്' എഐ സംഗീത ആൽബത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

ശ്രീരാജ് ഓണക്കൂർ
Published on Aug 06, 2026, 02:24 AM | 2 min read
കൊച്ചികേരളത്തിന്റെ പ്രകൃതി സൗന്ദര്യം കണ്ടറിയാൻ സ്റ്റാൻഫോഡ് സർവകലാശാലയിലെ ഡെറിക്ക് എത്തി. മൂന്നാറിലെ തേയില തോട്ടങ്ങൾ കണ്ട് അത്‌ഭുതപ്പെട്ടു. ആലപ്പുഴയിലെ ഹൗസ് ബോട്ടിലിരുന്ന് കായൽ സൗന്ദര്യം ആസ്വദിച്ചു. ചെളിയിൽ ചവിട്ടി ചെറുവഞ്ചിയിൽ കയറി, പുഴയിലൂടെ നീങ്ങുന്ന താറാവ് കൂട്ടത്തെ അടുത്തുകണ്ടു. കേരളത്തെ കണ്ട് ഡെറിക്ക് പാടി–‘കേരള, യൂ ഗോട്ട് എ ഹോൾഡ് ഓൺ മീ’.

ഡെറിക്കിനെ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിച്ചത് കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി ഈതൻ ജോൺ റിജിനാണ്. നിർമിത ബുദ്ധിയിലൂടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഇൗതൻ ചെയ്‌ത സംഗീത ആൽബം– ‘എന്റെ സ്വന്തം നാടേ ’ യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും ഇതിനകം ചർച്ചയായി. ആൽബത്തിലെ കഥാപാത്രമാണ് ഡെറിക്ക്. സംഗീത ആൽബങ്ങളിലൂടെ ഇന്ത്യയുടെ സംസ്കാരത്തെയും വിനോദസഞ്ചാര സാധ്യതകളെയും ലോകത്തിന് മുന്നിലെത്തിക്കുകയെന്നതാണ് ഇൗതന്റെ ലക്ഷ്യം.
സ്റ്റാൻഫോഡ് സർവകലാശാലയിൽ സംഗീതശാസ്ത്രം പഠിക്കുന്ന ഏഴ് സാങ്കൽപ്പിക വിദേശ വിദ്യാർഥികൾ സംസ്കാരം പഠിക്കാനായി ഇന്ത്യയിലേക്ക് എത്തുന്നതാണ് ആദ്യം കാണിക്കുന്നത്. അവരിൽ ഒരാളായ ഡെറിക്കിന്റെ യാത്രാനുഭവങ്ങളാണ് ആൽബത്തിലുള്ളത്. മൂന്നാർ, അതിരപ്പിള്ളി, ആലപ്പുഴ എന്നിവിടങ്ങളാണ് ഡെറിക്ക് എത്തുന്നത്. കഴിഞ്ഞ വേനലവധിക്കാലത്ത് ഫ്ലാറ്റിലെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് ഇൗതന് ഇത്തരമൊരു ആശയം ലഭിച്ചത്. കുടുംബത്തോടൊപ്പം മൂന്നാറിലേക്ക് നടത്തിയ യാത്രയിൽ ‘ഡെറിക്കും സഹപാഠികളും’ മനസ്സിൽ രൂപപ്പെട്ടു.
സെമി കണ്ടക്ടർ സ്‌റ്റാർട്ട് അപ്പ് കമ്പനി നടത്തുന്ന അയിലറ്റിൽ അച്ഛൻ റിജിൻ ജോണിനോടും അമ്മ ദീപ മേരി ജെയിംസിനോടും കാര്യംപറഞ്ഞപ്പോൾ ഇരുവരും പൂർണ പിന്തുണ നൽകി. മാലക്കൽ, കാഞ്ഞങ്ങാട് സ്വദേശികളാണ്.
‘ഹിഗ്‌സ്‌ഫീൽഡ് എഐ’എന്ന എഐ നേറ്റീവ് ക്രിയേറ്റീവ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് വീഡിയോ നിർമിച്ചത്. അടുത്ത സംഗീത ആൽബവും ഡെറിക്ക് കേരളത്തിലൂടെ നടത്തുന്ന യാത്രകൾ തന്നെയായിരിക്കും. കഥാപാത്രങ്ങൾ, അവരുടെ ഭാവങ്ങൾ, വസ്ത്രധാരണം, ശബ്ദം, സംഗീതം, സ്റ്റോറി ബോർഡ് എന്നിവ പൂർണമായും എഐ ടൂളുകൾ ഉപയോഗിച്ചാണ് തയ്യാറാക്കിയത്. ഡെറിക്കിന് പുറമേ മറ്റ് ആറ് കഥാപാത്രങ്ങളെക്കൂടി വരുംദിവസങ്ങളിൽ ഈ പരമ്പരയിലൂടെ അവതരിപ്പിക്കും. ഇന്ത്യയിലെ പ്രധാന സ്ഥലങ്ങൾ ഇതിൽ കാണാം. ഇത്തരത്തിൽ ഒരു വലിയ ഡിജിറ്റൽ മ്യൂസിക് ഫ്രാഞ്ചൈസി നിർമിക്കുകയെന്നതാണ് ഈ ഒമ്പതാം ക്ലാസുകാരന്റെ സ്വപ്നം.










0 comments