Deshabhimani

അടിതെറ്റി വികസനം

ഐടിയിൽ അനക്കം നിലച്ച 5 മാസം

Infopark
avatar
സ്വന്തം ലേഖകൻ

Published on Oct 10, 2026, 12:42 AM | 1 min read

കൊച്ചി

ജില്ലയിലെ ഐടി വികസനം അടിതെറ്റുന്നു. മുൻ എൽഡിഎഫ്‌ സർക്കാരുകൾ വൻ കുതിപ്പ്‌ പകർന്ന മേഖല യുഡിഎഫ്‌ അധികാരത്തിലേറിയശേഷമുള്ള അഞ്ചുമാസവും അനക്കമറ്റനിലയിലാണ്‌. പുതിയ പദ്ധതികളോ സ്ഥാപനങ്ങളോ ഇല്ല. പ്രഖ്യാപിച്ച പദ്ധതികളെല്ലാം മെല്ലെപ്പോക്കിലും നിശ്ചലാവസ്ഥയിലും. കേരളത്തിന്റെ ഐടി രംഗത്ത്‌ വൻ മാറ്റത്തിന്‌ വഴിവയ്‌ക്കുന്ന ഇൻഫോപാർക്ക്‌ മൂന്നാംഘട്ടം ഉൾപ്പെടെയുള്ള പദ്ധതികൾ നിലച്ചു. ഐടി ഹബ്ബായി മാറാനുള്ള കൊച്ചിയുടെയും കേരളത്തിന്റെയും സ്വപ്‌നങ്ങൾക്ക്‌ കനത്ത തിരിച്ചടിയാണേറ്റിട്ടുള്ളത്‌.


കൊച്ചിയെ പ്രധാന ആഗോളശേഷി കേന്ദ്രമായി (ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ) മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്‌ മുൻ എൽഡിഎഫ്‌ സർക്കാർ ഇൻഫോപാർക്ക്‌ മൂന്നാംഘട്ടത്തിന്‌ തുടക്കമിട്ടത്‌. പിപിപി മാതൃകയിലുള്ള പദ്ധതിക്ക്‌ 30 കോടി രൂപ ബജറ്റിൽ നീക്കിവച്ചിരുന്നു. 300 ഏക്കറിൽ ‘സൈബർവാലി’യായിരുന്നു ലക്ഷ്യം. കേരളത്തിന്റെ ആദ്യ നിർമിത ബുദ്ധി (എഐ) ടൗൺഷിപ്പായാണിത്‌ വിഭാവനം ചെയ്‌തത്‌. ഐടി, ഐടി അധിഷ്ഠിത സേവനങ്ങൾ, നിർമിത ബുദ്ധി, മറ്റു പുതിയ സാങ്കേതികവിദ്യകൾ എന്നിവയുടെ കേന്ദ്രഹബ്ബാക്കാനായിരുന്നു നടപടികൾ.

പരമ്പരാഗത ഭൂമി ഏറ്റെടുക്കലിലെ കാലതാമസവും നിയമപ്രശ്നങ്ങളും ഒഴിവാക്കി ഭൂമി ലഭ്യമാക്കാൻ ലാൻഡ് പൂളിങ്‌ സമീപനവും സ്വീകരിച്ചു.


ആദ്യഘട്ടത്തിൽ കിഴക്കന്പലം, കുന്നത്തുനാട്‌ പഞ്ചായത്തുകളിലാണ്‌ ലാൻഡ് പൂളിങ്‌ നടത്താൻ തീരമാനിച്ചത്‌. ഇതിനായി ലാൻഡ്‌ പൂളിങ്‌ നടത്താൻ സാങ്കേതിക സംഘത്തെ രൂപീകരിക്കാൻ അനുമതി നൽകി ഉത്തരവിടുകയും ചെയ്‌തു. എന്നാൽ, സർക്കാർ മാറിയതോടെ എല്ലാം നിലച്ചു. സമാന അവസ്ഥയാണ്‌ ഇൻഫോപാർക്ക്‌ നാലാംഘട്ടത്തിനും. നാലാംഘട്ട വികസനത്തിന്‌ ഇരുന്പനത്തെ ട്രാക്കോ കേബിൾ കന്പനിയുടെ 33.5 ഏക്കർ ഭൂമി കൈമാറിയതടക്കമുള്ള നടപടികൾ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചിരുന്നു. ലോകോത്തര നിലവാരത്തിൽ ഐടി ട‍ൗൺഷിപ് സജ്ജമാക്കാനായിരുന്നു തീരുമാനം. 50 ലക്ഷം ചതുരശ്രയടി ഐടി ഇടം കൂട്ടിച്ചേർക്കാനും നേരിട്ടുള്ള 50,000 ഐടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 3000 കോടിയുടെ നേരിട്ടുള്ള നിക്ഷേപം സാധ്യമാക്കാനും കഴിയുന്ന പദ്ധതിയാണിത്‌. എന്നാൽ, ഇതും ഇപ്പോൾ ഇഴയുകയാണ്‌. കാക്കനാട് കിൻഫ്രാ പാർക്കിലെ പുതിയ ടിസിഎസ്‌ ക്യാന്പസ്‌ ഉൾപ്പെടെയുള്ള പദ്ധതികൾക്കും അനക്കമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home