പാക്കിങ്ങും ട്രാക്കിങ്ങും സ്‌മാർട്ട് ; കടൽ കടക്കുന്ന കരുതലുകൾക്ക് ഇനി ‘നൈറ്റ് കൗണ്ടറുകൾ'

നിധിൻ രാജു
Published on Feb 17, 2026, 03:11 AM | 1 min read
കൊച്ചി
വിദേശത്തുള്ള പ്രിയപ്പെട്ടവർക്ക് വസ്‌ത്രങ്ങളും അച്ചാറും ഉപ്പേരിയുമൊക്കെ അയക്കാൻ ഇനി ഓഫീസിൽനിന്ന് ലീവെടുക്കേണ്ടതില്ല. കൊച്ചിയിലെ തിരക്കേറിയ ജീവിതത്തിനൊപ്പം സഞ്ചരിക്കാൻ സമയക്രമത്തിൽ അടിമുടിമാറി തപാൽവകുപ്പ്. ഇനി രാത്രി ഒമ്പതുവരെ അന്താരാഷ്ട്ര പാഴ്സലുകൾ ബുക്ക് ചെയ്യാം. നേരത്തേ നാലുവരെയായിരുന്നു സേവനം.
ജോലി കഴിഞ്ഞെത്തുന്നവർക്കും തിരക്കുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ ‘നൈറ്റ് കൗണ്ടർ' സംവിധാനം. പാക്കിങ് സൗകര്യവും പോസ്റ്റ് ഓഫീസിൽ ലഭ്യമാണ്. തുണിസഞ്ചികളിൽ തുന്നിക്കെട്ടുന്ന പഴയ രീതിക്ക് പകരം നിലവാരമുള്ള കാർഡ്ബോർഡ് ബോക്സുകളും ബബിൾ റാപ്പുകളും ഉപയോഗിച്ചുള്ള ‘സ്മാർട്ട് പാക്കിങ്’ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
സ്വകാര്യ കൊറിയർ ഏജൻസികൾ ഈടാക്കുന്ന വൻ തുകയുമായി താരതമ്യംചെയ്യുമ്പോൾ കുറഞ്ഞനിരക്കിൽ വിദേശത്തേക്ക് സാധനങ്ങൾ അയക്കാമെന്നതാണ് പ്രത്യേകത. പാക്കിങ് ബോക്‌സ് കുറഞ്ഞ നിരക്കിന് ലഭിക്കുമ്പോൾ 10 രൂപയാണ് പാക്കിങ് ചാർജ് ഇൗടാക്കുന്നത്. കൂടാതെ പാഴ്‌സലിന്റെ ഭാരത്തിനനുസരിച്ച് ചെറിയ തുകയേ വേണ്ടൂ. അയക്കുന്ന രാജ്യത്തിനനുസരിച്ച് തുകയിൽ വ്യത്യാസമുണ്ടാകാമെന്നു മാത്രം.
ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്ക തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ഇന്റർനാഷണൽ സ്പീഡ് പോസ്റ്റ് (ഇഎംഎസ്–എക്സ്പ്രസ് മെയിൽ സർവീസ്) വഴി അതിവേഗത്തിൽ പാഴ്സലുകളെത്തിക്കാം. അയച്ച പാഴ്സൽ എവിടെയെത്തിയെന്ന് ഓരോ ഘട്ടത്തിലും അറിയാൻ സഹായിക്കുന്ന ലൈവ് ട്രാക്കിങ് സംവിധാനവുമുണ്ട്. ‘ഡാക് സേവ' മൊബൈൽ ആപ് വഴിയോ www.indiapost.gov.in വെബ്സൈറ്റ് വഴിയോ ഉപഭോക്താക്കൾക്ക് പാഴ്സലിന്റെ ‘ലൊക്കേഷൻ’ വിരൽത്തുമ്പിലറിയാം. നിലവിൽ എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിലാണ് സേവനം ആരംഭിച്ചിട്ടുള്ളത്. അടുത്ത ആഴ്‌ചയോടെ പാക്കിങ് ഉൾപ്പെടെ എല്ലാ സേവനവും പൂർണമായും രാത്രി ഒമ്പതുവരെ ലഭ്യമാകുമെന്ന് ഹെഡ് പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റർ ജോയ്‌മോൻ പറഞ്ഞു.










0 comments