വരവേൽക്കാൻ ഹൈടെക് സ്കൂളുകൾ

കൊച്ചി
പൊതുവിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടങ്ങളുമായാണ് ജില്ല പുതിയ അധ്യയനവർഷത്തിലേക്ക് കടക്കുന്നത്. ഹൈടെക് സ്കൂൾ കെട്ടിടങ്ങൾ, സ്‌മാർട്ട് ക്ലാസ് മുറികൾ, അത്യാധുനിക സൗകര്യങ്ങളുള്ള ലാബുകൾ, വർണക്കൂടാരം പദ്ധതി തുടങ്ങി എല്ലാ സ്കൂളുകളിലും മികച്ച പഠനസൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്‌കൂൾ പഠനാന്തരീക്ഷം ഒരുക്കാൻ ലക്ഷ്യമിട്ട് 144 വർണക്കൂടാരങ്ങൾ ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. പുതുതായി മേക്കടമ്പ് സ്കൂളിൽ നിർമിച്ച വർണക്കൂടാരത്തിന്റെ ഉദ്‌ഘാടനം തിങ്കളാഴ്‌ച പ്രവേശനോത്സവത്തോടൊപ്പം നടക്കും.
സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപവീതം നൽകിയാണ് വർണക്കൂടാരം നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം–-വിദ്യാകിരണം പദ്ധതിയിലൂടെ ജില്ലയിൽ 15 സ്‌കൂളുകളാണ് മികവിന്റെ കേന്ദ്രങ്ങളായത്. കിഫ്‌ബി സഹായത്തോടെയുള്ള പദ്ധതിയിൽ ഒരു സ്കൂളിന് അഞ്ചുകോടി രൂപ ചെലവിട്ടായിരുന്നു നവീകരണം. ജില്ലാ പ്രവേശനോത്സവം നടക്കുന്ന വെസ്റ്റ് കടുങ്ങല്ലൂർ എച്ച്‌എസിൽ പുതിയ കെട്ടിടനിർമാണം തുടങ്ങിയിരുന്നു.
നിർമാണം പൂർത്തീകരിച്ച കോഴിപ്പിള്ളി ഗവ. എൽപി സ്കൂളിന്റെ ഹൈടെക് മന്ദിരം ഉദ്ഘാടനം ശനിയാഴ്‌ച നടന്നു. കിഫ്‌ബി ഫണ്ട് വഴി 25 സ്‌കൂളുകളിൽ ഒരുകോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ജില്ലയിൽ നടന്നത്. ഇതിൽ 20 സ്‌കൂളുകളിൽ നിർമാണം പൂർത്തിയായി. 2023–-24ലെ പ്ലാൻ ഫണ്ട് മുഖേന 11 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണവും പുരോഗമിക്കുന്നു. എട്ട് സ്‌കൂളുകൾ മൂന്നുകോടി രൂപയ്‌ക്ക് നവീകരിച്ചു.










0 comments