ad
Deshabhimani

ഹരിതകർമസേന അനിശ്ചിതകാല 
പണിമുടക്ക് തുടങ്ങി ; തൃക്കാക്കരയിൽ മാലിന്യനീക്കം പ്രതിസന്ധിയിൽ

Harithakarma Sena strike
വെബ് ഡെസ്ക്

Published on Nov 18, 2025, 02:00 AM | 1 min read


കാക്കനാട്

തൃക്കാക്കര നഗരസഭയിലെ തൊഴിൽപീഡനങ്ങൾക്കെതിരെ ഹരിതകർമസേനാംഗങ്ങൾ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി. വീടുകളിൽനിന്ന്‌ മാലിന്യം ശേഖരിക്കുന്നതിനുള്ള ഫീസ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്‌ കുറച്ചതും യാർഡിൽ എത്തിക്കുന്ന മാലിന്യം പ്ലാസ്റ്റിക് ട്രേകളിലാക്കി ലോറിയിൽ കയറ്റണമെന്ന പുതിയ നിർദേശത്തിനെതിരെയും ഇതിനായി കൂടുതൽപേരെ വച്ചാൽ അവർക്കുള്ള ശമ്പളം ഹരിതകർമസേന നൽകണമെന്നുമുള്ള നഗരസഭയുടെ തൊഴിലാളിവിരുദ്ധ നിർദേശങ്ങൾ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഹരിതകർമസേനാംഗങ്ങൾ പണിമുടക്ക് തുടങ്ങിയത്. നഗരസഭയ്‌ക്കുമുന്നിൽ സേനാ അംഗങ്ങൾ കുത്തിയിരുന്നു.


ഹരിതകർമസേന വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് കെ ബി ദാസൻ, സെക്രട്ടറി എം എം നാസർ എന്നിവർ സമരത്തിന് നേതൃത്വം നൽകി. ഹരിതകർമസേനയുടെ തൊഴിൽ സംരക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് തദ്ദേശമന്ത്രി എം ബി രാജേഷിന് തൊഴിലാളികൾ പരാതി നൽകി.


​തൃക്കാക്കര 
ചീഞ്ഞുനാറുന്നു

വീടുകളിൽനിന്ന്‌ ശേഖരിച്ച് ഹരിതകർമസേനാംഗങ്ങൾ യാർഡിൽ എത്തിക്കുന്ന മാലിന്യനീക്കം നിലച്ചിട്ട് മൂന്നുമാസമായി. മാലിന്യനീക്കത്തിന് ടെൻഡർ എടുത്ത സ്വകാര്യ ഏജൻസി പിന്മാറിയതാണ് പ്രതിസന്ധിക്ക് കാരണം. സ്വകാര്യ ഏജൻസിയെ നിയമപരമായി നോട്ടീസ് അയച്ച് വിളിച്ചുവരുത്തി മാലിന്യനീക്കം നടത്തിക്കാൻ നഗരസഭ തയ്യാറാകുന്നില്ല. പകരംസംവിധാനം ഒരുക്കാനുമായില്ല.


മാലിന്യം കുന്നുകൂടി ദുർഗന്ധം അസഹ്യമാകുമ്പോൾ നഗരസഭയോടുചേർന്ന് കുഴികുത്തി മൂടുകയാണ്. ഇതിൽ സമീപവാസികൾ പ്രതിഷേധത്തിലാണ്. ഹരിതകർമസേനയുടെ അനിശ്ചിതകാല പണിമുടക്കിനെ തുടർന്ന് നഗരസഭയിലെ വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന മാലിന്യവും പഴകി ദുർഗന്ധം വമിക്കുകയാണ്. സമരം ഒത്തുതീർപ്പാക്കുന്നതിനെച്ചൊല്ലി ഭരണസമിതിയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പരസ്പരം പഴിചാരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home