ആവശ്യങ്ങൾ അംഗീകരിച്ചു; ഹരിതകർമസേന പണിമുടക്ക് പിൻവലിച്ചു

അധികജോലിഭാരം അടിച്ചേൽപ്പിച്ചതിനെത്തുടർന്ന് മൂന്നുദിവസമായി സമരത്തിലായിരുന്ന ഹരിതകർമസേന അംഗങ്ങളുമായി സിപിഐ എം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ സംസാരിക്കുന്നു
കാക്കനാട്
അധിക ജോലിഭാരം അടിച്ചേൽപ്പിച്ചതിനെ തുടർന്ന് തൃക്കാക്കര നഗരസഭ ഓഫീസിനുമുന്നിൽ ഹരിതകർമസേന തൊഴിലാളികൾ മൂന്നുദിവസമായി നടത്തിവന്ന അനിശ്ചിതകാലസമരം ഒത്തുതീർപ്പായി. സിപിഐ എം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, മുനിസിപ്പൽ സെക്രട്ടറി സി കെ ഷാജി, ഏരിയ കമ്മിറ്റി അംഗം കെ ആർ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ ചെയർപേഴ്സൺ, ഹെൽത്ത് ഓഫീസർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്.
കെട്ടിക്കിടക്കുന്ന മാലിന്യനീക്കത്തിന് പുതിയ കരാർ കൊടുക്കാം, തൊഴിലാളികളുടെ ജോലിഭാരം കുറയ്‌ക്കുന്നതിന്, കോൺട്രാക്ടർതന്നെ കൂലി നൽകി രണ്ട് തൊഴിലാളികളെ അധികമായി നിയമിക്കാം എന്നീ ഉറപ്പിലാണ് സമരം ഒത്തുതീർന്നത്. ഹരിതകർമസേന വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് കെ ബി ദാസൻ, സെക്രട്ടറി എം എം നാസർ, ലോക്കൽ സെക്രട്ടറി ടി എ സുഗതൻ, കൗൺസിലർ പി സി മനൂപ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
നഗരസഭയിൽനിന്നുള്ള മാലിന്യനീക്കത്തിന് കരാർ നേടിയ സ്വകാര്യ ഏജൻസി സേവനം അവസാനിപ്പിച്ചപ്പോൾ യാർഡിൽ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിച്ചു. ഇതേത്തുടർന്ന് പകരം ഏർപ്പെടുത്തിയ കോൺട്രാക്ടർ ഹരിതകർമസേനാ അംഗങ്ങൾക്കുമേൽ അധികജോലിഭാരം അടിച്ചേൽപ്പിച്ചപ്പോഴാണ് തൊഴിലാളികൾ അനിശ്ചിതകാലസമരം തുടങ്ങിയത്.










0 comments