ഭക്ഷ്യവിഷബാധ: ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി

കൊച്ചി
ഭക്ഷ്യവിഷബാധയേറ്റ് നിരവധിപേർ ആശുപത്രിയിലായതിനെ തുടർന്ന് നഗരത്തിലെ രണ്ട് ഹോട്ടലുകളുടെ ലൈസൻസ് ഭക്ഷ്യസുരക്ഷാവിഭാഗം റദ്ദാക്കി. കപ്പൽശാലയ്‌ക്ക് അടുത്തുള്ള റിയൽ അറേബ്യ ഹോട്ടലിന്റെയും ഇവരുടെ കലൂരിലെ അനുബന്ധ സ്ഥാപനത്തിന്റെയും ലൈസൻസാണ് സസ്‌പെൻഡ് ചെയ്‌തത്.
തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ആൻ മരിയ (23), ജിപ്‌സൺ ഷാജൻ (22), ആൽബിൻ (25) എന്നിവർക്കാണ് ജൂൺ 16ന് ഭക്ഷ്യവിഷബാധയേറ്റത്. ആൻ മരിയ ഗുരുതരാവസ്ഥയിൽ ആലുവ രാജഗിരി ആശുപത്രി ഐസിയുവിൽ ചികിത്സയിലാണ്. കോർപറേഷൻ ആരോഗ്യവിഭാഗം ഉടമകൾക്ക് നോട്ടീസ് നൽകി ഹോട്ടൽ അടപ്പിച്ചിരുന്നു.
റിയൽ അറേബ്യ ഹോട്ടലിൽനിന്ന് ചിക്കൻ ഷവായ്, ഷവർമ എന്നിവ കഴിച്ചതോടെയാണ് മൂവർക്കും ഭക്ഷ്യവിഷബാധയേറ്റത്. അന്നേദിവസം ഇവിടെനിന്ന് നേരിട്ടും ഓൺലൈനായി വാങ്ങിയും ഭക്ഷണം കഴിച്ച പതിനഞ്ചോളംപേർ കടുത്ത ഛർദിയും വയറിളക്കവുമായി നഗരത്തിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഇതുസംബന്ധിച്ച് രണ്ടു പരാതികൾ ഭക്ഷ്യസുരക്ഷാവകുപ്പിന് ലഭിച്ചിട്ടുണ്ട്. തുടർന്നാണ് ഹോട്ടലുകളുടെ ഭക്ഷ്യസുരക്ഷാ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തത്. മൊഴികൾ രേഖപ്പെടുത്തിയശേഷം, തുടരന്വേഷണം പൂർത്തിയാക്കി ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഡെപ്യൂട്ടി കമീഷണർ ജോൺ വിജയകുമാർ പറഞ്ഞു.









0 comments