വിളന്പിയത് സമൃദ്ധിയിലെ ഭക്ഷണം
അടുക്കളയില്ലാതെ ‘ഇന്ദിര കാന്റീൻ’

ഇടപ്പള്ളി സോണൽ കോർപറേഷൻ ഓഫീസിൽ ആരംഭിച്ച ഇന്ദിര കാന്റീൻ ഉദ്‌ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുടുംബശ്രീ പ്രവർത്തകർ പ്രഭാത ഭക്ഷണം നൽകുന്നു. സമൃദ്ധി @ കൊച്ചിയിലെ അടുക്കളയിൽനിന്നാണ് ഇവിടെ ഭക്ഷണം എത്തിച്ച് വിളമ്പുന്നത്.

സ്വന്തം ലേഖകൻ
Published on Mar 15, 2026, 12:44 AM | 1 min read
കൊച്ചി
കൊച്ചി കോർപറേഷൻ മഹാസംഭവമായി ആരംഭിച്ച ഇന്ദിര കാന്റീനിൽ വിളന്പിയത് സമൃദ്ധി @കൊച്ചി ജനകീയ ഹോട്ടലിൽ ഉണ്ടാക്കിയ ഭക്ഷണം. കോർപറേഷന്റെ ഇടപ്പള്ളി സോണൽ ഓഫീസിലാണ് അടുക്കളയില്ലാത്ത കാന്റീൻ ഒരുക്കിയത്. പാചകവാതക ക്ഷാമത്താൽ സമൃദ്ധിയുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കെയാണ് യുഡിഎഫ് ഭരണസമിതി പുതിയ കാന്റീൻ തുറന്നത്.
വെള്ളിയാഴ്‌ചമുതൽ സമൃദ്ധിയിൽ വിറകടുപ്പിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്. പാചകവാതകക്ഷാമം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനും ആവശ്യക്കാർക്ക് ഭക്ഷണം നൽകാനും മെനുവിലെ പല വിഭവങ്ങളും ഒഴിവാക്കി. ഉച്ചയൂണ് ലഭിക്കും. ബിരിയാണി, ചൈനീസ് വിഭവങ്ങൾ, ചട്ടിച്ചോറ് തുടങ്ങിയവ നിറുത്തി. ഇന്ദിര കാന്റീനിന്റെ ഉദ്‌ഘാടനം നടത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം ഇവിടെനിന്ന് പ്രഭാതഭക്ഷണം കഴിച്ചു.
മുൻ എൽഡിഎഫ് ഭരണസമിതി ഇടപ്പള്ളി സോണൽ ഓഫീസിൽ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടൽ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയതോടെ ‘സമൃദ്ധി’യെ ഇല്ലാതാക്കാനുള്ള നീക്കംതുടങ്ങി. ഇതിന്റെ ഭാഗമായാണ് ഇന്ദിര ക്യാന്റീൻ കൊണ്ടുവന്നത്.










0 comments