ad
Deshabhimani

തുരുത്തി ഫ്ലാറ്റുകൾ 27ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

394 കുടുംബങ്ങൾക്ക്‌ 
സ്വപ്‌നസാഫല്യം

flat

തുരുത്തിയിൽ നിർമിച്ച ഭവനസമുച്ചയം

avatar
സ്വന്തം ലേഖിക

Published on Sep 22, 2025, 12:34 AM | 1 min read

കൊച്ചി

നഗരത്തിലെ ഭൂരഹിതരും ഭവനരഹിതരുമായവർക്ക് കോർപറേഷൻ തുരുത്തിയിൽ നിർമിച്ച ഇരട്ട ഭവനസമുച്ചയത്തിന്റെ താക്കോൽദാനം 27ന്‌ നടക്കും. രാജീവ് ആവാസ് യോജന പദ്ധതി (റേ) പ്രകാരമാണ്‌ നിർമിച്ചത്‌. വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറും. ഭൂരഹിതരും ഭവനരഹിതരുമായ 394 കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്.


തുരുത്തിയില്‍ രണ്ട്‌ ഭവനസമുച്ചയമാണ് നിര്‍മിച്ചിരിക്കുന്നത്. ആദ്യ സമുച്ചയം നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയും രണ്ടാമത്തേത്‌ സിഎസ്എംഎല്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തി നഗരസഭയ്ക്കുവേണ്ടി കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡുമാണ് നിര്‍മിച്ചിട്ടുള്ളത്.


10796.42 ചതുരശ്രയടി വിസ്തൃതിയില്‍ നഗരസഭ നിര്‍മിച്ച ഒന്നാമത്തെ ടവറിന്റെ നിർമാണച്ചെലവ് 41.74 കോടി രൂപയാണ്. 11 നിലകളുള്ള ടവറില്‍ 300 ചതുരശ്രയടി വീതമുള്ള 199 പാർപ്പിട യൂണിറ്റുകൾ ഉണ്ട്‌. ഓരോ യൂണിറ്റിലും ഡൈനിങ്‌ / ലിവിങ്‌ ഏരിയ, ഒരു കിടപ്പുമുറി, അടുക്കള, ബാല്‍ക്കണി, രണ്ട്‌ ശുചിമുറികൾ എന്നിവയുണ്ട്‌. 81 വാഹനങ്ങൾക്ക്‌ പാർക്ക്‌ ചെയ്യാം. 105 കെഎല്‍ഡി കപ്പാസിറ്റിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റ്‌, മൂന്ന്‌ യന്ത്ര ഗോവണികൾ, മൂന്ന്‌ ഗോവണി എന്നിവയുമുണ്ട്. ഒന്നാംനിലയിൽ 150 ചതുരശ്ര മീറ്ററും 11–-ാം നിലയില്‍ 800 ചതുരശ്ര മീറ്ററും വീതമുള്ള പൊതു ഇടങ്ങൾ, ഫ്ലാറ്റ് സമുച്ചയത്തിന് താഴെ അങ്കണവാടിയും 14 കടമുറികളുമുണ്ട്. രണ്ട് സമുച്ചയത്തിലും ലിഫ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് 44.01 കോടി രൂപ ചെലവഴിച്ചാണ്‌ രണ്ടാമത്തെ ടവർ നിർമിച്ചിരിക്കുന്നത്‌. പൊതുമുറ്റത്തിന് ചുറ്റുമായി 13 നിലകളില്‍ 195 പാര്‍പ്പിട യൂണിറ്റുകൾ ഉണ്ട്‌. ഓരോ നിലയിലും 15 പാർപ്പിട യൂണിറ്റുകള്‍വീതമുണ്ട്. താഴത്തെ നിലയില്‍ 18 കടമുറികളും പാര്‍ക്കിങ്‌ സൗകര്യവുമുണ്ട്. മൂന്ന് ലിഫ്റ്റുകളും ഗോവണിപ്പടികളുമുള്ള ടവര്‍ 10,221 ചതുരശ്രയടി വിസ്തൃതിയിലാണ് നിർമിച്ചിട്ടുള്ളത്. ഓരോ പാർപ്പിട യൂണിറ്റുകൾക്കും 350 ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. ടവറിന്റെ റൂഫ്ടോപ്പില്‍ സോളര്‍പാനൽ സ്ഥാപിച്ചിട്ടുണ്ട്. 68 കാറും 17 ബൈക്കും പാര്‍ക്ക് ചെയ്യാൻ സ‍ൗകര്യവുമുണ്ട്‌. ​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home