പനമ്പിള്ളി നഗറിൽ ഫ്ലാറ്റിന്റെ തൂൺ തകർന്നു ; 24 കുടുംബങ്ങൾ മാറി

കൊച്ചി
പനമ്പിള്ളി നഗറിൽ ഫ്ലാറ്റിന്റെ തൂണ് തകർന്നു. സുരക്ഷാഭീതിയെ തുടർന്ന് കുടുംബങ്ങൾ ഇവിടെനിന്ന് മാറി. ആർഡിഎസ് അവന്യു വൺ ഫ്ലാറ്റിന്റെ തൂണുകളിൽ ഒന്നാണ് തകർന്നത്. ഞായർ രാവിലെ എട്ടിനാണ് സംഭവം. ശബ്ദം കേട്ട് ഫ്ലാറ്റിലുള്ളവർ നോക്കിയപ്പോഴാണ് തകർന്നത് ശ്രദ്ധയിൽപ്പെട്ടത്. തൂണിന്റെ കോൺക്രീറ്റ് ഇളകിപ്പോയി.
ഉള്ളിലുള്ള കമ്പി വളഞ്ഞ് പുറത്തുവന്നനിലയിലായിരുന്നു. ടവറിലുണ്ടായിരുന്ന 24 കുടുംബങ്ങളും മറ്റിടങ്ങളിലേക്ക് മാറി. കോർപറേഷൻ, പൊലീസ്, അഗ്നി രക്ഷാസേന, റവന്യു ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. തൂണ് തകർന്നതോടെ ഈ ഫ്ലാറ്റിനോടുചേർന്നുള്ള നിർമാണപ്രവൃത്തിക്ക് കോർപറേഷൻ സ്‌റ്റോപ് മെമ്മോ നൽകി. പാർക്കിങ്ങിനുള്ള കെട്ടിടമാണ് നിർമിക്കുന്നത്.
2008-–-09 കാലഘട്ടത്തിലാണ് ഫ്ലാറ്റിൽ കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്. തൂണിലേക്ക് അധികമർദം വന്നതാണ് തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചുറ്റും മറ്റ് അഞ്ച് തൂണുകളുണ്ട്. തകർന്ന തൂൺ പുനർനിർമിക്കേണ്ടിവരുമെന്നാണ് നിഗമനം. കോർപറേഷൻ എൻജിനിയറിങ് വിഭാഗത്തിന്റേതടക്കം റിപ്പോർട്ട് വന്നശേഷമാകും ഇക്കാര്യത്തിൽ തീരുമാനം.









0 comments