വിഷുവിനെ വരവേല്‍ക്കാൻ പടക്കവിപണി ഉഷാര്‍

പറവൂർ മാർക്കറ്റിലെ ബ്രഹ്മൻ ഫയർ വർക്സിന്റെ വിപണനകേന്ദ്രത്തിൽ പടക്കം വാങ്ങാനെത്തിയവരുടെ തിരക്ക്
വി ദിലീപ്‌കുമാർ
Published on Apr 12, 2026, 02:17 AM | 1 min read
പറവൂർ
വിഷുവിനെ വരവേല്‍ക്കാന്‍ സജീവമായി പറവൂരിലെ പടക്കവിപണി. വിഷുവിന് ഒരാഴ്ചമുമ്പുതന്നെ പടക്കം വാങ്ങാൻ ആളുകളെത്തും. മുമ്പ് അഞ്ചോളം പടക്കനിർമാണശാലകൾ പറവൂരിലും പരിസരപ്രദേശങ്ങളിലുമായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ശിവകാശിയിൽനിന്നാണ് പടക്കമെത്തുന്നത്.
ഡാൻസിങ് ബട്ടർഫ്ലൈ, ഗുഡിയ, ടുട്ടു, ടോം ആൻഡ് ജെറി എന്നിങ്ങനെ വൈവിധ്യങ്ങളായ ഇനങ്ങൾക്കാണ് ആവശ്യക്കാരേറെ. പീകോക്ക്, പെന്റോ സ്കൈ, എമറാൾഡ്, സിൽവർ റോബോ എന്നിവയ്ക്കും ഡിമാന്‍ഡുണ്ട്. ഫാൻസി ഇനങ്ങൾ കൂടുതൽ വിറ്റഴിയുമെന്ന് പറവൂർ മാർക്കറ്റിനുസമീപം പ്രവർത്തിക്കുന്ന ബ്രഹ്മൻ ഫയർ വർക്‌സ് ഉടമ ഡാനി പറഞ്ഞു.
പതിവിനുവിപരീതമായി ആളുകൾ നേരത്തേയെത്തിയത് വിപണി കൂടുതൽ സജീവമാക്കി. പറവൂർച്ചന്തയുടെ പരിസരത്ത് ചെറുതും വലുതുമായ നാലോളം പടക്കവിൽപ്പന കേന്ദ്രങ്ങളുണ്ട്. ആനച്ചാലിലുള്ള ബാബു ഫയർ വർക്സ്, വാണിയക്കാട് മോനപ്പാസ് ഫയർ വർക്സ് എന്നിവിടങ്ങളിലും വിഷുക്കാല പടക്കവിപണി സജീവമാണ്.










0 comments