ചാന്പലായത് ജൂതപ്പെരുമപേറിയ പൈതൃകമന്ദിരം

ഫോർട്ട് കൊച്ചി കോഡർഹൗസ് ഹോട്ടലിലുണ്ടായ തീപിടിത്തം
കൊച്ചി
ജൂതസമൂഹത്തിന്റെയും കൊച്ചിയുടെയും ചരിത്രത്തിൽ സുപ്രധാനസ്ഥാനമുള്ള പൈതൃക നിർമിതികളിലൊന്നാണ് ചൊവ്വ രാത്രി ഫോർട്ട് കൊച്ചിയിൽ കത്തിയമർന്ന കോഡർ ഹൗസ്. ഫോർട്ട് കൊച്ചി കടൽത്തീരത്തിന് അഭിമുഖമായി നിലകൊണ്ട 200 വർഷത്തിലേറെ പഴക്കമുള്ള മൂന്നുനില മന്ദിരത്തിന്റെ പ്രൗഢസാന്നിധ്യമാണ് ഇതോടെ ചാന്പലായത്.
കൊച്ചിയിലെ പ്രമുഖ ജൂത വ്യവസായിയായിരുന്ന സാമുവൽ എസ് കോഡർ 1905ൽ പോർച്ചുഗീസ് ഉടമയിൽനിന്ന് വാങ്ങിയ കെട്ടിടം പിന്നീട് പുനർനിർമിച്ചതാണ് കോഡർ ഹൗസ് എന്നറിയപ്പെട്ടത്. പോർച്ചുഗീസ് വാസ്‌തുശൈലിയിലുള്ള പഴയകെട്ടിടം പൊളിച്ചശേഷം ഡച്ച് ശൈലികൂടി ചേർത്താണ് പുനർനിർമിച്ചത്. രണ്ടുനിലകൾ കുടുംബങ്ങൾക്ക് താമസിക്കാനും താഴത്തെനില വ്യാപാരാവശ്യത്തിനുമായാണ് ആദ്യകാലത്ത് ഉപയോഗിച്ചത്. കോഡർമാരുടെ കാലത്ത് വെള്ളി രാത്രികളിൽ നടത്തിയിരുന്ന ഓപ്പൺ ഹൗസിൽ രാഷ്‌ട്രത്തലവന്മാരും വ്യവസായികളും കലാകാരന്മാരുമൊക്കെ അതിഥികളായെത്തിയിരുന്നെന്ന് ചരിത്രം. സാമുവൽ എസ് കോഡറുടെ മകൻ എസ് എസ് കോഡറുടെ മകൾ ക്വിനി കോഡറാണ് മന്ദിരം വിറ്റത്. അതോടെ കോഡർ ഹൗസിന്റെ ജൂതബന്ധം അവസാനിച്ചെങ്കിലും പൈതൃക ഭംഗിയും പ്രൗഢിയും നിലനിർത്തി ഹെറിറ്റേജ് ഹോട്ടലായി രൂപംമാറി. തനത് ജൂതഭക്ഷണം ലഭിക്കുന്ന മനോറ എന്ന റസ്റ്റോറന്റും ഇവിടെ പ്രവർത്തിച്ചിരുന്നു.
കോഡർ ഹൗസിന്റെ വാസ്‌തുഭംഗിയേറ്റിയത് ചുവന്ന ഇഷ്‌ടികയിലുള്ള മുഖപ്പും വിശാലമായ വരാന്തകളുമാണ്. ഇറക്കുമതിചെയ്‌ത ബെൽജിയം ഗ്ലാസുകളാണ് വലിയ ജനാലകളെയും വാതിലുകളെയും ആകർഷകമാക്കിയത്. ചെസ് ബോർഡ് പോലെ, കറുപ്പും വെളുപ്പും തറയോട് പാകിയ നിലം, തേക്ക് തടിയിൽ നിർമിച്ച സീലിങ്, കനത്ത മര ഉരുപ്പടികളിൽ നിർമിച്ച ഫർണിച്ചറുകൾ എന്നിവയും കോഡർ ഹൗസിന് മിഴിവേറ്റി. എല്ലാം മൂന്നാംനിലയിൽ ആളിപ്പടർന്ന തീയിൽ കത്തിയമർന്നു. പൈതൃകനഗരമായ ഫോർട്ട് കൊച്ചിയുടെ മുഖമുദ്രയായി തലയുയർത്തിനിന്ന ചരിത്രശേഷിപ്പ്, തീപിടിത്തത്തിനുശേഷം ബാക്കിയായ ചാരത്തിൽനിന്ന് വീണ്ടെടുക്കാനാകുമോ എന്നത് കണ്ടറിയണം.









0 comments